News Politics

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു; എംഎല്‍എമാരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഒരു വിഭാഗം എംഎല്‍എമാരുമായി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തെറ്റിപ്പിരിഞ്ഞ സാഹചര്യത്തില്‍ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത്. തനിക്കൊപ്പമുള്ള 102 എം.എല്‍.എമാരുമായി അദ്ദേഹം യോഗം ചേര്‍ന്നു. യോഗത്തിനു ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ മുഖ്യമന്ത്രിയുടെ വസതിയില്‍നിന്ന് ഹോട്ടലിലേയ്ക്ക് മാറ്റി. ജയ്പുരിലെ ഫെയര്‍മൗണ്ട് ഹോട്ടലിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്. അശോക് ഗഹ്‌ലോത്തിനെ പിന്തുണച്ചുകൊണ്ട് യോഗം പ്രമേയം പാസ്സാക്കി. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്നും അത് അവര്‍ അംഗീകരിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതാക്കളായ സോണിയാഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലുമുള്ള വിശ്വാസം പ്രകടിപ്പിക്കുകയും സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.