News Politics

മുതിര്‍ന്ന നേതാക്കള്‍ കൂടെയുണ്ട്, പ്രധാനപ്പെട്ടവര്‍ ഒപ്പം വരുന്നുണ്ടെന്ന് പി.ജെ. ജോസഫ്

കോട്ടയം: ജോസ് കെ. മാണി വിഭാഗം നിലപാട് മാറ്റിയാല്‍ പിന്നീട് എന്തു ചെയ്യണമെന്ന് ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് പി. ജോസഫ്. ഇപ്പോഴത്തെ അവരുടെ നിലപാട് അനുസരിച്ച് യു.ഡി.എഫില്‍ തുടരാന്‍ ജോസ് കെ. മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണി വിഭാഗം നിലപാട് മാറ്റിയാല്‍ നാളെ നടക്കുന്ന നേതൃയോഗത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കും. തങ്ങള്‍ സ്വതന്ത്രമായി നില്‍ക്കുകയാണെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ല എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്യുന്നത്. അത്തരം നിലപാട് സ്വീകരിക്കുന്നവരോട് എങ്ങനെ സഹകരിക്കാന്‍ കഴിയുമെന്നും പി.ജെ. ജോസഫ് ചോദിച്ചു