News She News

ആമസോണ്‍ ഉടമ ജെഫ് ബെസോസും ഭാര്യ മാകെന്‍സിയും വേര്‍പിരിയുന്നു

ആമസോണ്‍ ഉടമ ജെഫ് ബെസോസും ഭാര്യ മാകെന്‍സിയും വേര്‍പിരിയുന്നു. 25 വര്‍ഷത്തെ ദാമ്പത്യജിവതത്തിനാണ് ഇരുവരും തിരശീലയിടുന്നത്. ബന്ധം പിരിയുന്നതോടെ ജെഫ് ബെസോസിന്റെ സമ്പത്തിന്റെ പകുതിയോളം മാകെന്‍ സിക്ക് നല്‍കേണ്ടിവരും. ആമസോണ്‍ ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയായിട്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ജെഫ് ബെസോസും ഭാര്യ മാകെന്‍സിയും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പിരിയുന്നത് സംബന്ധിച്ച കാര്യങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ധനികനായ ജെഫ് ബെസോസിന് ഇനി അധികകാലം ആ ധനികപ്പട്ടം ചാര്‍ത്തികൊണ്ടുനടക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ ബന്ധം വേര്‍പ്പിരിയുന്നതിലൂടെ ഭാര്യ മാകെന്‍സിയ്ക്ക് പകുതിയിലേറെ സ്വത്ത് നല്‍കേണ്ടിവരും. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. അത്രതന്നെ പഴക്കമെയുള്ളു ആമസോണിന്. അതായത് വിവാഹശേഷം ഇരുവരും ചേര്‍ന്ന് കെട്ടിപ്പടുത്തതാണ് ഇന്ന് കാണുന്ന ആമസോണ്‍ സാമ്രാജ്യം. അതുകൊണ്ട് തന്നെ വിവാഹമോചിതരാകുമ്പോള്‍ സ്വത്ത് തുല്യമായി വീതം വെക്കേണ്ടിവരും. 13,700 കോടിയാണ് ബെസോസിന്റെ ആസ്ഥി. തുല്യമായി വീതം വെക്കുമ്പോള്‍ മാകെന്‍സിയ്ക്ക് 482, 137 കോടിയിലധികം രൂപ ലഭിക്കും. അങ്ങനെവന്നാല്‍ ലോകം കണ്ടതില്‍വെച്ച് ഏറ്റവും ചിലവേറിയ വിവാഹ മോചനമായിരിക്കും ജെഫ് ബെസോസിന്റെയും മാകെന്‍സിയുടെയും. ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും മറി കടന്ന് ആമസോണ്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന നേട്ടത്തിലെത്തി ദിവസങ്ങള്‍ക്കകമാണ് ഇരുവരും ബന്ധം പിരിയുകയാണെന്ന് ലോകത്തെ അറിയിച്ചത്. ബന്ധം പിരിയുന്നതോടെ ആമസോണിന് വലിയ സാമ്പത്തിക നഷ്ട മുണ്ടാകുമെന്നും വിദഗ്ദര്‍ നിരീക്ഷിക്കുന്നു. ബെസോസും മക്കെന്‍സിയും വിവാഹ മോചിതരാകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബന്ധം പിരിഞ്ഞാലും കുട്ടികളുടെ മാതാപിതാക്കളായി മുന്നോട്ട് പോകുമെന്ന് ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. സ്വത്ത് വിഭജന കാര്യത്തില്‍ ഇരുവരും പരസ്പരം എന്തെങ്കിലും ധാരണയില്‍ എത്തിയിട്ടുണ്ടാകാമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ആമസോണ്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ന്യൂയോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരായിരുന്നു മെസോസും മക്കെന്‍സിയും.