News She News

ഓരോ വര്‍ഷവും ലോകമാകെ സ്ത്രീകള്‍ പത്ത് ട്രില്ല്യണ്‍ ഡോളറിന്റെ കൂലിയില്ലാ ജോലി ചെയ്യുന്നു

ലോകമെങ്ങുമുള്ള സ്ത്രീകള്‍ ഒരുവര്‍ഷം പത്ത് ട്രില്ല്യണ്‍ ഡോളറിന്റെ (70,900,500 കോടി രൂപ) കൂലിയില്ലാ ജോലി ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം വേദിയിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ സാമ്പത്തിക അസമത്വം സ്ത്രീകളുടെ ഇടയില്‍ കൂടുതല്‍ പ്രകടമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വീടിന്റെയും കുട്ടികളുടെയും പരിപാലനം, പാചകം എന്നിവയാണ് വേതനരഹിത മേഖലകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ സ്ത്രീകള്‍ ചെയ്യുന്ന ഇത്തരം ജോലികള്‍ക്ക് വേതനം നല്‍കുകയാണെങ്കില്‍ ജിഡിപിയുടെ 3.1ശതമാനം വരുമെന്ന് ഓക്‌സ്ഫാം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിലെ സ്ത്രീകള്‍ 312 മിനിറ്റ് സമയം ഗാര്‍ഹിക ജോലിയ്ക്ക് ചെലവഴിക്കുമ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് 291 മിനിറ്റേ വേണ്ടി വരുന്നുള്ളൂ. വേതനത്തിലെ ലിംഗവിവേചനം സ്ത്രീകളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളെ കൂടുതല്‍ ദരിദ്രരാക്കുന്നു. ജാതി, പ്രായം, വര്‍ഗം തുടങ്ങിയ ഘടകങ്ങളും സ്ത്രീപുരുഷ അസമത്വം നിര്‍ണയിക്കുന്നതിന് കാരണമാകുന്നു. സമ്പന്നര്‍ക്കിടയിലും സ്!ത്രീകളുടെ നില മെച്ചമല്ല. കഴിഞ്ഞ വര്‍ഷം സ്ത്രീപുരുഷ അന്തരത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ 118ാം സ്ഥാനത്തായിരുന്നു. സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമങ്ങള്‍ രാജ്യത്ത് പ്രാവര്‍ത്തികമാക്കുന്നതിന് ഒട്ടേറെ വെല്ലു വിളികളുണ്ടെന്നും ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ട് പറയുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആയിരം വീടുകളിലാണ് ഓക്‌സ്ഫാം സര്‍വെ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം സ്!ത്രീകളും കുട്ടികളെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പഴി കേള്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് നിലപാട്.