News She News

യു.എസ് കോണ്‍ഗ്രസിലെ പലസ്തീന്‍ വനിതാ സാന്നിധ്യമായി റാഷിദ ത്‌ലെയ്ബ്

അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ പലസ്തീനിയന്‍ വനിതാസാന്നിധ്യമായി വാര്‍ത്തകളില്‍ നിറയുകയാണ് റാഷിദ ത്‌ലെയ്ബ്. രാഷ്ട്രീയനിലപാടിന് പുറമെ തന്റെ വസ്ത്രധാരണത്തിലൂടെയും സമൂഹമാധ്യങ്ങളില്‍ ശ്രദ്ധേയയായിരിക്കുകയാണ് റാഷിദ. ജനുവരി മൂന്നിന് അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള തന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പരമ്പരാഗത പലസ്തീനിയന്‍ വേഷമായ തോബ് ധരിച്ചാണ് റാഷിദ എത്തിയത്. ശക്തമായ രാഷ്ട്രീയനിലപാട് വ്യക്തമാക്കുക കൂടിയാണ് തോബ് ധരിച്ചതിലൂടെ റാഷിദ ചെയ്തിരിക്കുന്നതെന്നാണ് നിരൂപകരുടെ പക്ഷം. ഇതോടെ തോബ് എന്ന പരമ്പരാഗതവസ്ത്രം സമൂഹമാധ്യമങ്ങളില്‍ താരമായി മാറി. റാഷിദയോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് tweetyourthobe എന്ന ഹാഷ്ടാഗില്‍ നിരവധി വനിതകളാണ് തോബ് ധരിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പലസ്തീന്‍ സംസ്‌കാരത്തേയും കാഴ്ചപ്പാടിനെയും ലോകം അംഗീകരിച്ചതിന്റെ ആഹ്ലാദം പാട്ടുപാടിയും നൃത്തം ചെയ്തുമാണ് പലസ്തീന്‍ വനിതകള്‍ ആഘോഷിച്ചത്. റാഷിദയ്ക്ക് പിന്തുണയുമായി നിരവധി ഫാഷന്‍ ഡിസൈനേഴ്‌സും പരമ്പരാഗത വസ്ത്രം ധരിച്ച് നിരത്തിലിറങ്ങി. അമേരിക്ക എല്ലാ കാലത്തും അവഗണിച്ച പലസ്തീന് ലഭിച്ച അംഗീകരാമായിട്ടാണ് റാഷിദയുടെ യു.എസ് കോണ്‍ഗ്രസ് അംഗത്വത്തെ വിലയിരുത്തുന്നത്. പലസ്തീനികള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കും വിവേചനത്തിനും എതിരെയുള്ള ശബ്ദമായാണ് റാഷിദയെന്ന് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് ഹനാന്‍ അഷ്‌റാവി പറഞ്ഞു. അതേസമയം റാഷിദയുടെ വസ്ത്രധാരണത്തിന് സമൂഹമാധ്യമങ്ങള്‍ വഴി ലഭിച്ച വരവേല്‍പ്പിലൂടെ വിപണനസാധ്യത കണ്ടെത്താനാണ് ഒരു കൂട്ടം വനിതകളുടെ ശ്രമം. വെസ്റ്റ് ബാങ്കിലെ എത്‌നാ ഗ്രാമത്തിലുള്ള പരമ്പരാഗത തോബ് നിര്‍മാതാക്കള്‍ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഫാഷന്‍ വിപണിയുടെ ശ്രദ്ധ തോബിലേക്ക് വേഗം എത്തുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. അറബ് സമൂഹം കൂടുതലായും താമസിക്കുന്ന അമേരിക്കയിലെ മിഷിഗണ്‍ മേഖലയുടെ ചുമതലയാണ് റാഷിദ ത്‌ലെയ്ബിന് ലഭിച്ചിരിക്കുന്നത്. പലസ്തീനികള്‍ക്ക് മാത്രമല്ല അറബ്, മുസ്ലീം സമൂഹത്തിനും അഭിമാനിക്കാനുള്ള നേട്ടമാണ് റാഷിദ നേടിയതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. വസ്ത്രധാരണത്തില്‍ മാത്രമല്ല ഭരണകാര്യങ്ങളിലും പൂര്‍ണ ശ്രദ്ധനല്‍കി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തന്നെയാണ് റാഷിദയുടെ തീരുമാനവും.