News She News

വിവാഹ മോചനത്തോടെ എഴുത്തുകാരിയെന്ന അസ്ഥിത്വം തിരിച്ച് പിടിച്ച് മെക്കന്‍സി

മെക്കൻസി ബെസോസിന്റെ വിവാഹമോചന വാർത്തയാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചചെയ്യുന്നത്. ഒരു വിവാഹമോചനം ഇത്രമേൽ വാർത്തയാകുന്നത് ചിലപ്പോൾ ഇതാദ്യമായിരിക്കാം. നോര്‍ത്ത് കാലിഫോര്‍ണിയയില്‍ ജനിച്ച മെക്കന്‍സി ടട്ടില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. അവിടെ അവര്‍ 1993-ലെ നൊബേല്‍ സാഹിത്യ പുരസ്‌കാര ജേതാവും ടോണി മോറിസന്റെ ഗവേഷക സഹായിയുമായിരുന്നു. എന്റെ സർഗ്ഗാത്മക എഴുത്ത് ക്ലാസുകളിൽ ഞാൻ കണ്ടിട്ടുള്ള എക്കാലത്തെയും ഏറ്റവും മികച്ച വിദ്യാർത്ഥികളിൽ ഒരാളാണ് മെക്കൻസി എന്നാണ് ടോണി മോറിസൺ മെക്കൻസിയെ വിശേഷിപ്പിച്ചത്. പിന്നീട് ന്യൂയോര്‍ക്കിലെ ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ഡി ഇ ഷോയില്‍ വച്ച് കമ്പ്യൂട്ടര്‍ സയന്റിസ്റ്റായ ജെഫ് ബെസോസിനെ പരിചയപ്പെട്ടു. അദ്ദേഹം അവിടെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. ആറു മാസത്തിനകം വിവാഹം കഴിക്കുമ്പോള്‍ ബെസോസിന് 30ഉം അവര്‍ക്ക് 23 ഉം ആയിരുന്നു പ്രായം. ഒരു വര്‍ഷത്തിനു ശേഷം സിയാറ്റിലേക്ക് താമസംമാറ്റി. ഇപ്പോഴത്തെ ആഗോള ഭീമനായ ആമസോണിന് രൂപം നല്‍കി. മെക്കന്‍സി അവിടത്തെ ആദ്യകാല അക്കൗണ്ടന്റായിരുന്നു. പിന്നീടവര്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി അവരെ പരിപാലിച്ച് കുടുംബിനിയായി ഒതുങ്ങി. ഇതിനിടയ്ക്ക് 2005ല്‍ 'ദ ടെസ്റ്റിങ് ഓഫ് ലൂഥര്‍ ആള്‍ബ്രൈറ്റ്' പുറത്തിറങ്ങി. 1980കളിലെ ഒരു എഞ്ചിനീയറുടെ കുടുംബ ഔദ്യോഗിക ജീവിതങ്ങളുടെ തകര്‍ച്ച വിവരിക്കുന്ന നോവല്‍ വിമര്‍ശകരുടെ മുഗ്ദ്ധകണ്ഠ പ്രശംസ നേടി. 2013ല്‍ 'ട്രാപ്‌സ്' എന്ന രണ്ടാമത്തെ കൃതിയും പുറത്തിറങ്ങി. രണ്ട് കൃതികളും ആമസോണ്‍ വഴിയല്ലാതെ ഹാര്‍പ്പറും നോഫും എന്ന പ്രസിദ്ധികരണ ശാലകളാണ് പുറത്തിറക്കിയത്. ഇതേപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ പ്രസാധകനായ ജെഫ് ബെസോസ് തന്റെ ഭാര്യയെപ്പറ്റി പറഞ്ഞത് "തെന്നി മാറിയ മത്സ്യമായിരുന്നു അവര്‍" എന്നാണ്. ഏതായാലും ഇപ്പോള്‍ നടക്കുന്ന വിവാഹ മോചനം കൊണ്ട് ലോകം മെക്കന്‍സിയെന്ന എഴുത്തുകാരിയെ തിരിച്ചറിഞ്ഞു എന്ന് സമാധാനിക്കാം.