News She News

ഡിറ്റക്ടീവ് സാഹിത്യം 2018: സ്ത്രീകള്‍ മുന്‍ നിരയിലേക്ക്

പുതുവര്‍ഷത്തില്‍ വായനക്കാരുടെ ഇഷ്ടം നേടിയ അഞ്ചു ക്രൈം ത്രില്ലറുകള്‍ അവതരിപ്പിക്കുകയാണ് 'ദ ഗാര്‍ഡിയന്‍.' അഞ്ചു നോവലുകളും എഴുത്തിന്റെയും കഥാപശ്ചാത്തലത്തിന്റെയും രീതികള്‍ കൊണ്ട് വ്യത്യസ്ഥമാണ്. 'ദ കോഴ്‌സെറ്റ്'. വിക്‌ടോറിയന്‍ കാലത്തിന്റെ പഴക്കഭംഗിയുടെ പശ്ചാത്തലത്തില്‍ എഴുതിയ ക്രൈം ത്രില്ലര്‍. നിഗൂഢതയില്‍ പൊതിഞ്ഞ ചോരമണമുണ്ട് ലോറാ പഴ്‌സല്ലിന്റെ ഈ നോവലിന്. നീചയായ യജമാനത്തിയെ കൊലപ്പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ട റൂത്ത് ബട്ടര്‍ഹാം എന്ന പതിനാറുകാരി. തുന്നല്‍ സൂചിയിലൂടെയും നൂലിഴയിലൂടെയും അതീന്ദ്രിയ ശക്തി തന്നിലേക്ക് പ്രവഹിക്കുന്നുവെന്ന മായാവിചാരങ്ങളില്‍ തടവലാക്കപ്പെട്ട പെണ്‍കുട്ടി. റൂത്തിന്റെ മനസില്‍ നിന്ന് അവളുടെ കഥ അടര്‍ത്തിമാറ്റി എടുക്കാന്‍ എത്തുന്ന ഡോറോത്തീ ട്രൂലൗവ് എന്ന ധനികയായ പ്രവാചക. പിതാവെന്ന പുരുഷന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായ പാതയിലൂടെ സഞ്ചരിച്ച റൂത്തും കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്നുള്ള വിവാഹത്തിലൂടെ മുള്‍പാതയിലൂടെ ജീവിതം നയിച്ച അവളുടെ അമ്മയും ഒരു കാലഘട്ടത്തിന്റെ കഥാപാത്രങ്ങളാണ്. 19-ാം നൂറ്റാണ്ടിലെ സ്ത്രീയെ എങ്ങനെയാണ് ആ സമൂഹം കടുപ്പമേറിയ ശിക്ഷകള്‍ കൊണ്ട് നീറിച്ചതെന്ന് കാട്ടിത്തരുന്നു 'ദ കോഴ്‌സെറ്റ്'. 1762-ല്‍ സഹായിയെ കടുത്ത പീഡനത്തിലൂടെ കൊലപ്പെടുത്തിയ കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട തൊപ്പിനിര്‍മ്മാണക്കാരി സാറാ മെറ്റിയാര്‍ഡിന്റെയും മകള്‍ സാലിയുടെയും യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നോവല്‍ രചിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം 'ബ്രദേഴ്‌സ് ഇന്‍ ബ്ലഡാണ്'. അമര്‍ അന്‍വറിന്റെ കന്നി നോവല്‍. പടിഞ്ഞാറന്‍ ലണ്ടന്‍ പശ്ചാത്തലമായ കഥാ പരിസരം. ജയില്‍ മോചിതനായ മുസ്ലീം സാഖ് ഖാന്‍ ഭൂതകാലത്തെ ചെപ്പിലടച്ച് പുതിയ ജീവിതം തേടുകയാണ്. പക്ഷെ സിഖ് വ്യവസായി ബ്രാറിന്റെ ജോലിക്കാരനാകുന്നതോടെ ജീവിതം മറ്റൊരു ദിശയിലേക്ക് കുതിക്കുകയാണ്. മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ യജമാനന്റെ മകളെ കണ്ടെത്താനാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. തിരിച്ചു കിട്ടുന്ന യുവതിയുടെ രണ്ട് സഹോദരങ്ങള്‍ രംഗപ്രവേശം ചെയ്യുന്നതോടെ സംഘര്‍ഷഭരിതമായി മാറുന്നു കഥാപുരോഗതി. 'ഓള്‍ ദിസ് ഐ വില്‍ ഗിവ് ടു യു,' സ്പാനിഷ് എഴുത്തുകാരി ഡൊളോറസ് റെഡോണ്ടോയുടെ ബെസ്റ്റ്‌സെല്ലര്‍. നോവലിസ്റ്റിന്റെ ധനികനായ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും സസ്പന്‍സുകളും നിറഞ്ഞ നോവല്‍. 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച 'ഹാഫ് മൂണ്‍ ബേയാ'ണ് നാലാമത്തെ ക്രൈം ത്രില്ലര്‍. ആലീസ് ലാപ്‌ലാന്റിന്‍െ തൂലികയില്‍ നിന്ന് പിറന്ന മറ്റൊരു കുറ്റാന്വേഷണ നോവല്‍. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആന്‍ ക്ലീവ്‌സിന്റെ 'വൈല്‍ഡ് ഫയര്‍.' ഷെറ്റ്‌ലാന്റ് പരമ്പരയിലെ എട്ടാമത്തെ പുസ്തകം. വൃദ്ധയായ എമ്മാ ഷെററിന്റെ മരണത്തിന്റെ വഴികളിലൂടെ ഡിറ്റക്ടീവ് ജിമ്മി പെരസ് നടത്തുന്ന യാത്രകളാണ് 'വൈല്‍ഡ് ഫയര്‍'. തെരഞ്ഞെടുത്ത അഞ്ചു പുസ്തകങ്ങളില്‍ നാലെണ്ണവും രചിച്ചിരിക്കുന്നത് സ്ത്രീ എഴുത്തുകാരാണ് എന്നതാണ് ശ്രദ്ധേയ വസ്തുത.