News Sports

ബില്ലി ജീന്‍ കിംഗിന് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ബിബിസി ആദരിച്ചു

ബില്ലി ജീന്‍ കിംഗിനെ ആദരിച്ച് ബിബിസി. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കിയാണ് ടെന്നീസിലെ ജീവിക്കുന്ന ഇതിഹാസത്തെ ബിബിസി ആദരിച്ചത്. ടെന്നീസില്‍ ഒരുകാലത്ത് അമേരിക്കയുടെ ഒന്നാം നമ്പര്‍ കളിക്കാരി. കരിയറില്‍ വാരിക്കൂട്ടിയത് 39 ഗ്രാന്‍സ്ലാം കിരീടങ്ങള്‍. ലിംഗസമത്വത്തിന്റെ ശക്തയായ വക്താവ്. 29-ാം വയസില്‍ ബോബി റിഗ്ഗ്‌സിനെതിരെ 'ബാറ്റില്‍ ഓഫ് ദ് സെക്സ്സ്' പോരാട്ടം ജയിച്ച് ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ സ്വന്തം പേര് എഴുതി ചേര്‍ത്തു. മറ്റൊരു ഇതിഹാസ താരമായ മാര്‍ട്ടിന നവരത്തിലോവയുമൊത്ത് ബില്ലി ജീന്‍ കിങ് ഡബിള്‍സില്‍ നടത്തിയ പോരാട്ടങ്ങള്‍ ടെന്നീസ് ചരിത്രത്തില്‍ തന്നെ ഏക്കാലത്തും ഓര്‍മി ക്കപ്പെടുന്നവയാണ്. വിമന്‍സ് ടെന്നീസ് ഫൗണ്ടേഷന്റെ സ്ഥാപക. ചരിത്രം കിംഗിനെ ഓര്‍ക്കുന്നത് ഇത്തരം വിശേഷണങ്ങളിലൂടെയാണ്. സ്‌പോര്‍ട്‌സ് മേഖലയില്‍ കറുത്ത വര്‍ഗക്കാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ജീന്‍ നടത്തിയ പോരാട്ടങ്ങളും ശ്രദ്ധേയമായിരുന്നു. ടെന്നീസില്‍ നിന്ന് വിരമിച്ച ശേഷം സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന ജീനിനെയാണ് കണ്ടത്. സമ്മാനത്തുകയില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യത വേണം എന്നതായിരുന്നു അവര്‍ ഏറ്റെടുത്ത പോരാട്ടങ്ങളില്‍ മറ്റൊന്ന്. കല്യാണം കഴിഞ്ഞിരുന്നുവെങ്കിലും സ്ത്രീകളോട് ആകര്‍ഷണം തോന്നിയ സമയത്ത് അത് ലോകത്ത് നിന്ന് മറച്ച് വെക്കാതെ, ധൈര്യമായി നിന്നു ജീന്‍. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താന്‍ ലെസ്ബിയനാണെന്ന ജീനിന്റെ പ്രസ്താവന. 2018-ല്‍ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി പുരസ്‌കാരം നല്‍കി ജീനിനെ ആദരിക്കുമ്പോള്‍, എഴുപത്തിയഞ്ചാം വയസിലും ഒരു പോരാട്ടത്തിനുള്ള മരുന്ന് തന്റെ കയ്യിലുണ്ടെന്ന് ആ മുഖത്തെ നിറഞ്ഞ പുഞ്ചിരി പറയുന്നു.