News Sports

പ്രഥമ വനിതാ ബേലന്‍ ദ്വോര്‍ പുരസ്‌കാരം നേടി എഡ ഹെഗര്‍ബര്‍ഗ്

പ്രഥമ വനിതാ ബേലന്‍ ദ്വോര്‍ പുരസ്‌കാരത്തിന് നോര്‍വേയുടെ എഡ ഹെഗര്‍ബെര്‍ഗ് അര്‍ഹയായി. നാമനിര്‍ദേശം ചെയ്യപ്പെട്ട 15 പേരില്‍ നിന്നാണ് എഡയെ തിരഞ്ഞെടുത്തത്. എന്നാല്‍ പുരസ്‌കാര വേദിയില്‍ എഡയോടുള്ള അവതാരകന്റെ പെരുമാറ്റം വിവാദങ്ങള്‍ക്കും തിരികൊളുത്തി. എഡയോട് പ്രത്യേക രീതിയിലുള്ള ലൈംഗിക ചുവയോടുകൂടിയ 'ട്വര്‍ക്കിങ്' നടത്താന്‍ അവതാരകനായ ഡി.ജെ മാര്‍ട്ടിന്‍ സോള്‍വെയ്ഗ് ആവശ്യപ്പെട്ടു. 'എംബാപ്പെക്ക് വേണ്ടി ഞാന്‍ കുറച്ച് ആഘോഷങ്ങള്‍ ഒരുക്കിയത് കണ്ടിരിക്കുമല്ലോ, അതിനോട് സാമ്യമുള്ള ഒന്ന് നാം ഇവിടെ ചെയ്യുകയാണ്, നിങ്ങള്‍ക്ക് ട്വര്‍ക്ക് ചെയ്യാനറിയുമോ?' ഡി.ജെ എഡയോട് ചോദിച്ചു. എന്നാല്‍ സോള്‍വെയ്ഗിന്റെ ആവശ്യത്തോട് എഡ 'കഴിയില്ല' എന്ന് പറയുകയാണ് ചെയ്തത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങളാണ് ഡി.ജെ നേരിടേണ്ടി വന്നത്. പിന്നാലെ അവതാരകന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിലൂടെ രംഗത്തു വന്നു. അതൊരു മോശം തമാശ തന്നെയായിരുന്നു. ഞാന്‍ കാരണം അവഹേളിതയായ വ്യക്തിയോട് ക്ഷമ ചോദിക്കുന്നു, സംഭവിച്ചതില്‍ പശ്ചാത്തപിക്കുന്നു' എന്നും സോള്‍വെയ്ഗ് കുറിച്ചു. പരിപാടിക്ക് ശേഷം സോള്‍വെയ്ഗ് തന്റെ അടുത്തുവന്ന് ക്ഷമ ചോദിച്ചതായും അത് ഒരു ലൈംഗിക അതിക്രമമായി കരുതുന്നില്ലെന്നുമായിരുന്നു എഡയുടെ പ്രതികരണം. ആദ്യ ബേലന്‍ ദ്വോര്‍ പുരസ്‌കാരം ലഭിക്കുന്ന വനിതയായതില്‍ അഭിമാനമുണ്ടെന്ന് എഡ വ്യക്തമാക്കി. 'ഇനിയും കഠിനമായി പ്രയത്‌നിക്കാന്‍ ഇത് വലിയ പ്രചോദനമാണ്. 'നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുക' എന്നാണ് എനിക്ക് ലോകത്തുള്ള എന്റെ എല്ലാ കൗമാര പെണ്‍കുട്ടികളോടും പറയാനുള്ളതെന്നും എഡ വ്യക്തമാക്കി.