News Sports

ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് ഇതിഹാസവും പരിശീലകനും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ കമന്റേറ്ററായി മുംബൈയിലുണ്ടായിരുന്ന ഡീന്‍ ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് മരിച്ചത്. 59 വയസ്സായിരുന്നു. ഐ.പി.എല്ലിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തിനൊപ്പമായിരുന്നു ഡീന്‍ ജോണ്‍സ് മുംബൈയിലുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബയോ സെക്യുര്‍ ബബിള്‍ സംവിധാനത്തില്‍ ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ കഴിയുമ്പോഴാണ് അന്ത്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഡീന്‍ ജോണ്‍സിന്റെ അന്ത്യം ട്വിറ്ററിലൂടെ അറിയിച്ചത്. 1984-1994 കാലഘട്ടത്തില്‍ പത്തു വര്‍ഷത്തോളം ഓസ്‌ട്രേലിയയുടെ ജഴ്‌സി അണിഞ്ഞ ഡീന്‍ ജോണ്‍സ് 52 ടെസ്റ്റും 164 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 46.55 ശരാശരിയില്‍ 11 സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 3631 റണ്‍സും ഏകദിനത്തില്‍ 44.61 ശരാശരിയില്‍ ഏഴു സെഞ്ചുറിയും 46 അര്‍ധ സെഞ്ചുറിയും സഹിതം 6068 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 216 റണ്‍സും ഏകദിനത്തില്‍ 145 റണ്‍സുമാണ് ഉയര്‍ന്ന സ്‌കോര്‍.