News Sports

അനായാസം ഇന്ത്യ; ഒന്‍പത് വിക്കറ്റ് ജയത്തോടെ പരമ്പര

തിരുവനന്തപുരം: വെറും പതിനഞ്ച് ഓവറിനുള്ളള മിന്നുന്നൊരു ജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. വിന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. കേവലം 105 റണ്‍സ് മാത്രം വിജയലക്ഷ്യംമുണ്ടായിരുന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211 പന്ത് ശേഷിക്കെയാണ് ജയം സ്വന്തമാക്കിയത്. ആറ് റണ്ണെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശര്‍മ 56 പന്തില്‍ നിന്ന് 63 ഉം ക്യാപ്റ്റന്‍ കോലി 29 പന്തില്‍ നിന്ന് 33 ഉം റണ്‍െസെടുത്ത് പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ പന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടിയ മത്സരത്തില്‍ മൂന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡാണ് ടോപ് സ്‌കോറര്‍. മര്‍ലന്‍ സാമ്വല്‍സ്24 ഉം റോവ്മാന്‍ പവല്‍ 16 ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ജഡേജ നാലും ഭൂംറയും ഖലീല്‍ അഹമ്മദം രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നിനെതിരേ മൂന്ന് ജയങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം ടൈയായി. മൂന്നാമത്തെ മത്സരത്തില്‍ വിന്‍ഡീസ് ജയിച്ചെങ്കിലും തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇത് സ്വന്തം മണ്ണിലുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ഏകദിന പരമ്പര ജയമാണ്.