News Sports

ആറാം സ്വര്‍ണം; ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് മേരി കോം

ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടത്തോടെ പുതിയ ചരിത്രം രചിച്ച് ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി നേടുന്ന ആറാം സ്വര്‍ണമാണിത്. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന വനിതാ താരമെന്ന നേട്ടവും ഈ മുപ്പത്തഞ്ചുകാരി സ്വന്തമാക്കി. അഞ്ചു സ്വര്‍ണം നേടിയ അയലര്‍ലന്‍ഡിന്റെ കെയ്റ്റി ടെയ്‌ലറുടെ റെക്കോഡാണ് മേരി തിരുത്തിയത്. ആറാം സ്വര്‍ണ നേട്ടത്തോടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെന്ന നേട്ടത്തില്‍ ക്യൂബയുടെ പുരുഷ ഇതിഹാസ താരം ഫെലിക്‌സ് സാവോണിനൊപ്പമെത്താനും മേരി കോമിനായി. ബോക്‌സിങ് കരിയറില്‍ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ആറ് സ്വര്‍ണമെഡലും ഒരു വെള്ളിമെഡലുമാണ് സാവോണ്‍ നേടിയിട്ടുള്ളത്. 2002, 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി ഇതിന് മുന്‍പ് സ്വര്‍ണം നേടിയത്. ഇതിന് പുറമെ 2001ല്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ ശനിയാഴ്ച നടന്ന ഫൈനലില്‍ തന്നെക്കാള്‍ 13 വയസ് കുറവുള്ള ഉക്രെയിനിന്റെ ഹന്ന ഒഖോട്ടയെയാണ് മേരി പാരജയപ്പെടുത്തിയത് (50).