News Sports

അമ്മയായ ശേഷമുള്ള ആദ്യ കിരീട നേട്ടവുമായി സെറീന വില്യംസ്

മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യ കിരീടം സ്വന്തമാക്കി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. ഓക്‌ലന്‍ഡ് ക്ലാസിക് ടൂര്‍ണ മെന്റിലാണ് സെറീന കിരീടം ചൂടിയത്. അമ്മയായ ശേഷമുള്ള സെറീനയുടെ ആദ്യ കിരീടം കൂടിയാണിത്. കിരീടനേട്ടം മകള്‍ക്കൊപ്പമാണ് സെറീന ആഘോഷിച്ചത്. ഓക്‌ലന്‍ഡ് ക്ലാസിക് ടൂര്‍ണമെന്റില്‍ അമേരിക്കയുടെ തന്നെ ജെസീക്ക പെഗുലയെ വീഴ്ത്തിയാണ് കിരീടനേട്ടം. കിരീടജേതാവിനുള്ള 30.5 ലക്ഷം രൂപ ഓസ്‌ട്രേലിയയിലെ തീപിടുത്ത ദുരിതാ ശ്വാസനിധിയിലേക്ക് സെറീന കൈമാറി. 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം ഒരു കിരീടം പോലും നേടാന്‍ സെറീനയ്ക്കായിട്ടില്ല. അമ്മയായ ശേഷം കുറച്ച് നാള്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നു. പിന്നീടുള്ള തിരിച്ചുവരവിലാണ് പുതുവര്‍ഷത്തില്‍ തന്നെ ഒരു കിരീടനേട്ടം. 23 ഗ്രാന്‍സ്ലാം സിംഗിള്‍സ് വിജയിച്ച സെറീന വില്യംസിന് ഒരു കിരീടം കൂടി നേടിയാല്‍ ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താം.