News World

മീ ടൂ; ലൈംഗികാതിക്രമ പ്രതിരോധത്തിന് ഇന്ന് ഒരു വയസ്

ലോകത്ത് പ്രതിരോധത്തിന്റെ കൊടുങ്കാറ്റായി മാറിയ മീടൂ ക്യാമ്പയിന് ഒരു വയസ് തികഞ്ഞു. മീ ടൂ എന്ന രണ്ട് വാക്കുകള്‍ക്ക് ലോകത്തെ ഇളക്കിമറിക്കാന്‍ കഴിയുന്ന കൊടുങ്കാറ്റോളം ശക്തിയുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഓരോ വെളിപ്പെടുത്തലുകളും. 2006ല്‍ പ്രമുഖ ആഫ്രോ അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തക തരാന ബുര്‍ക്കിനറിയില്ലായിരുന്നു തന്നോട് സങ്കടം പങ്കിട്ട ഒരു പെണ്‍കുട്ടിക്ക് ധൈര്യം പകരാന്‍ ഉപയോഗിച്ച രണ്ടു വാക്കുകള്‍ക്ക് ലോകത്തെ ഇളക്കി മറിക്കാന്‍ പോന്ന കൊടുങ്കാറ്റിനോളം ശക്തിയുണ്ടെന്ന്. 'മാതാവിെന്റ ആണ്‍ സുഹൃത്ത് തന്നെ നിരന്തരം ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നു' എന്ന് പരിതപിച്ച ആ പെണ്‍കുട്ടിയോട് പറയാന്‍ ഒറ്റ ആശ്വാസ വാക്കേ തരാനക്ക് തന്റ നാവിന്‍ തുമ്പത്ത് വന്നുള്ളൂ. 'മീ ടൂ' അഥവാ 'എനിക്കും അതേ'. അതുവരെ ആരോടും പറയാനാകാതെ നീറ്റലായി ഉള്ളില്‍ പേറാന്‍ നിബന്ധിതരായ സ്ത്രീ സമൂഹത്തിന് ധൈര്യം പകരാന്‍ അതിനെക്കാള്‍ പോന്ന മറ്റൊന്നില്ലെന്ന് ബോധ്യമായ തരാന, അതിനെ പ്രതിഷേധമറിയിക്കാനുള്ള 'മീ ടൂ' ഹാഷ് ടാഗായി ട്വിറ്ററിലിട്ടു. 500 ട്വിറ്റര്‍ അക്കൗണ്ടുകള്‍ അക്കാലത്ത് പിന്തുണയുമായെത്തി. യഥാര്‍ഥത്തില്‍ 'മീ ടൂ' പ്രസ്ഥാനത്തിന്റെ ചരിത്രം അവിടെ തുടങ്ങി. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ ആ പ്രസ്ഥാനം ലൈംഗിക ചൂഷണത്തിനെതിരായ 'മീ ടൂ കാമ്പയിന്‍' എന്ന സമരാഗ്‌നിയായി പടര്‍ന്നത് ഹോളിവുഡ് നടി അലൈസ മിലാനോയുടെ തുറന്നു പറച്ചിലോടെയായിരുന്നു. 2017 ഒക്ടോബര്‍ 15ന് ലോകത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തലിന് ഇന്ന് വര്‍ഷം ഒന്നു തികയുകയാണ്.