News World

അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭച്ഛിദ്രത്തിന് പൂര്‍ണ്ണ നിരോധനം

അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭച്ഛിദ്രത്തിന് പൂര്‍ണ്ണ നിരോധനം. ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതിനുള്ള ബില്‍ അലബാമ പാസാക്കി. ഗര്‍ഭച്ഛിദ്രത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ വിധിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാകുകയോ ഭ്രൂണത്തിന് ഗുരുതരപ്രശ്‌നങ്ങളുണ്ടാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ ബില്ലില്‍ അനുമതിയുള്ളു. ഗര്‍ഭച്ഛിദ്രത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് 99 വര്‍ഷത്തേക്ക് സര്‍വീസില്‍ നിന്ന് മാറഅറിനിര്‍ത്താനും ബില്‍ നിര്‍ദേശിക്കുന്നുണ്ട്. ബലാല്‍സംഗത്തിന് ഇരയായാല്‍ പോലും ഗര്‍ഭച്ഛിദ്രം പാടില്ലെന്ന രീതിയിലാണ് നിയമം കൊണ്ടുവരുന്നത്. ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭിണിയാകുന്ന സ്ത്രീകളെ ഒഴിവാക്കണമെന്ന് ഭേദഗതി നിര്‍ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളി. 35 അംഗ സെനറ്റില്‍ആറിനെതിരെ 25 വോട്ടിനാണ് ബില്‍ പാസായത്. പുരുഷന്മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ നാല് വനിതാ അംഗങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇവരെല്ലാം ബില്ലിനെ എതിര്‍ത്ത് വോട്ട്‌ചെയ്തു. രണ്ട് വനിത സെനറ്റര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബില്‍ സെനറ്റ് പാസാക്കിയതോടെ ഗവര്‍ണറുടെ പരിഗണനയ്ക്ക് വിട്ടു. അതേസമയം ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.