News World

ബോട്ട്‌സ്വാനയില്‍ ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞതിന് പിന്നിലെ രഹസ്യം പുറത്തുവിട്ട് സര്‍ക്കാര്‍

ആഫ്രിക്കന്‍ രാജ്യമായ ബോട്ട്‌സ്വാനയില്‍ ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞതിന് പിന്നിലെ രഹസ്യം പുറത്തുവിട്ട് സര്‍ക്കാര്‍. ജലത്തില്‍ കാണപ്പെടുന്ന ഒരുതരം ബാക്ടീരിയ മൂലമാണ് മരണം സംഭവിച്ചതെന്നാണ് കണ്ടെത്തല്‍. മൂന്ന്മാസത്തിനിടെ മൂന്നൂറിലധികം ആനകളാണ് ഇവിടെ ചരിഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ള രാജ്യമാണ് ബോട്ട്‌സ്വാന. കണക്കുകളില്‍ രേഖപ്പെടുത്തിയ ലോകത്തെ 30 ശതമാനത്തോളം ആനകളും ഈ രാജ്യത്താണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി രാജ്യത്തെ ആനകള്‍ കൂട്ടത്തോടെ ചരിയാന്‍ തുടങ്ങയത് അധികൃതരെ പരിഭ്രാന്തിയിലാക്കി. നാല് മാസത്തിനിടെ 330 ആനകളാണ് ചരിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. പരിശോധനയിലാണ് മരണത്തിന് കാരണമായത് വെള്ളത്തില്‍ കാണപ്പെടുന്ന സയനോബാക്ടീരിയ പുറത്തുവിടുന്ന ഒരു വിഷപദാര്‍ത്ഥമാണെന്ന് കണ്ടെത്തിയത്. 70 ശതമാനം ആനകളും ആല്‍ഗല്‍ പൂക്കളുള്ള തടാകത്തിന് അടുത്താണ് ചരിഞ്ഞു കിടന്നത്. ഇത് നിലവിലെ അനുമാനത്തെ സാധുകരിക്കുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് ആനകള്‍ മാത്രം ചരിഞ്ഞു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. എന്തായാലും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് ബോട്ട്‌സ്വാനിയന്‍ സര്‍ക്കാര്‍.ആനകളുടെ പെരുപ്പം കാരണം ഇവയെ വേട്ടയാടാനും വില്‍ക്കാനുമുള്ള അനുമതി കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ആനകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വ്യാപകമാകുന്നുവെന്നും ജനജീവിതത്തിന് ആനകള്‍ ഭീഷണിയാവുന്നു എന്നുമാണ് വേട്ടയ്ക്കുള്ള നിയന്ത്രണം എടുത്തുമാറ്റാനുള്ള കാരണമായി ബോട്‌സ്വാന സര്‍ക്കാര്‍ അന്ന് ചൂണ്ടിക്കാട്ടിയത്.