News World

വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ ക്ലാസ് റിലോഷ്യസിന് എതിരേ വ്യാജ വാര്‍ത്ത ആരോപണം

ജര്‍മ്മനിയെ ഞെട്ടിച്ച് വന്‍ വ്യാജവാര്‍ത്താ കുംഭകോണം. വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ ക്ലാസ് റിലോഷ്യസിന് എതിരേ വന്‍ ആരോപണങ്ങളുമായി പ്രമുഖ വാര്‍ത്താ മാസിക ഡെര്‍ സ്പീഗല്‍ രംഗത്ത് വന്നു. സിറിയന്‍ അഭയാര്‍ത്ഥികളുടെ പേരില്‍ വ്യാജ വാര്‍ത്തകളുണ്ടാക്കി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. പുരസ്‌കാര ജേതാവ് കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ ക്ലാസ് റിലോഷ്യസിന് എതിരേ ഡെര്‍ സ്പീഗല്‍ മാഗസിന്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ ചമച്ച് തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ത്ഥികളിലെ അനാഥ കുട്ടികള്‍ക്ക് വേണ്ടി പണപ്പിരിവ് നടത്തിയെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിനായി ക്ലാസ് സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു. വായനക്കാരില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളില്‍ നിന്നാണ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞതെന്നാണ് മാസികയുടെ വിശദീകരണം. പണപ്പിരിവിനായി നിരവധി വ്യാജ അഭിമുഖങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011 മുതല്‍ ക്ലാസ് ഡെര്‍ സ്പീഗലില്‍ എഴുതുന്നുണ്ട്. ഈ പ്രത്യേക ആവശ്യത്തിനായി ഏതാണ്ട് പതിനാല് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതായും എണ്ണം കൂടാമെന്നും മാസിക പറയുന്നു. എന്നാല്‍ തട്ടിപ്പിലൂടെ എത്ര തുക ക്ലാസ് പിരിച്ചെടുത്തെന്നോ, എങ്ങനെ ചെലവഴിച്ചെന്നോ വ്യക്തതയില്ല. കൊടുങ്കാറ്റുയര്‍ത്തിയ വ്യാജ വാര്‍ത്താ വിവാദത്തില്‍ ക്ലാസ് റിലോഷ്യസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഇറാഖി കുട്ടികളെ കുറിച്ചുള്ള ഫീച്ചറിനും തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന സിറിയന്‍ അഭയാര്‍ത്ഥി കുട്ടികളെക്കുറിച്ചുള്ള ഫീച്ചറിനും രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ക്ലാസിന്. എന്നാല്‍ ഇതെല്ലാം വ്യാജ നിര്‍മ്മിതികളായിരുന്നു എന്ന ആരോപണമാണ് പുറത്തു വരു ന്നത്. 2014ല്‍ സി.എന്‍.എന്‍ ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും, യൂറോപ്യന്‍ പ്രസ് പ്രൈസും ക്ലാസിന് ലഭിച്ചിട്ടുണ്ട്. ഫോര്‍ബ്‌സ് മാഗസീനിന്റെ തെര്‍ട്ടി അണ്ടര്‍ തെര്‍ട്ടി യൂറോപ്പ് മീഡിയ അവാര്‍ഡും ലഭിച്ചിട്ടുണ്ട് ഈ മുപ്പത്തിമൂന്നുകാരന്. മുപ്പത്തിയഞ്ചു വര്‍ഷം മുമ്പ് ഒരു മാസിക വ്യാജ ഹിറ്റ്‌ലര്‍ ഡയറി പ്രസിദ്ധീകരിച്ച ശേഷം ആദ്യമായാണ് ജര്‍മ്മനിയിലെ മാധ്യമരംഗത്ത് ഇത്ര വലിയ കോളിളക്കമുണ്ടാക്കിയ വിവാദമുണ്ടാകുന്നത്.