News World

ശത്രുക്കളുടെ നടുവിലാണ് ട്രംപ് എന്ന് പുതിയ പുസ്തകം

ശത്രുപാളയത്തിന്റെ ചക്രവ്യൂഹനടുവിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രവര്‍ത്തിക്കുന്നതത്രെ. 'ട്രംപ്‌സ് എനിമീസ്: ഹൗ ദ ഡീപ്പ് സ്‌റ്റേറ്റ് ഈസ് അണ്ടര്‍മൈനിംഗ് ദ പ്രസിഡന്‍സി' എന്ന പുസ്തകം ട്രംപിനെതിരേ അണിനിരക്കുന്ന ശത്രുക്കളെ പറ്റിയാണ് പരാമര്‍ശിക്കുന്നത്. ട്രംപിന്റെ വിശ്വസ്തരാണ് പുസ്തകത്തിന്റെ രചയിതാക്കള്‍. കടുത്ത ട്രംപ് വിമര്‍ശനങ്ങളുമായി അടുത്തിടെ നിരവധി പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ ഈ പുസ്തകം ശത്രുമധ്യത്തിലെ ട്രംപിനെയാണ് വിവരിക്കുന്നത്. അമേരിക്കയുടെ സര്‍വകോണുകളിലും ട്രംപിന്റെ രക്തത്തിനായി കൊതിക്കുന്ന ശത്രുക്കളുടെ സാന്നിധ്യമുണ്ടെന്നാണ് പുസ്തകത്തില്‍ പറയുന്നത്. വൈറ്റ്ഹൗസിലും കോണ്‍ഗ്രസിലും, നീതിന്യായ വകുപ്പിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലുമെല്ലാം ശത്രു സാന്നിധ്യമുണ്ട്. പുസ്തകം രചിച്ചിരിക്കുന്നത് ട്രംപിന്റ വിശ്വസ്തരായ കോറി ലെവന്‍ഡോസ്‌കിയും ഡേവിഡ് എന്‍ ബോസിയും ചേര്‍ന്നാണ്. ശത്രുനിരയുടെ വ്യാപ്തി വിശദമാക്കാന്‍ ട്രംപ് നിയമിച്ച ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളുമുണ്ട്. ട്രംപ് പ്രസിഡന്റായ ആദ്യ രണ്ടു വര്‍ഷം ഈ ഉദ്യോഗസ്ഥര്‍ക്ക് ശത്രുനീക്കത്തിനെതിരേ വലിയ പ്രതിരോധവലയം തന്നെ തീര്‍ക്കേണ്ടി വന്നുവെന്ന് അവരുടെ പേരെടുത്തു പറഞ്ഞുകൊണ്ട് വിശദമാക്കുന്നു. അതേസമയം പുസ്തകത്തിന്റെ വരവിനെ സംശയത്തോടെയാണ് ട്രംപ് വിമര്‍ശകര്‍ നീരീക്ഷിക്കുന്നത്. പുസ്തകത്തിന്റെ രചയിതാക്കള്‍ ട്രംപ് അച്ചുതണ്ടിലെ വിവാദപുരുഷന്മാരാണെന്നതാണ് ഒരു കാരണം. ഡെമോക്രാറ്റുകള്‍ക്ക് സ്വാധീനം ഏറിയതോടെ ക്യാബിനെറ്റിലും ഉദ്യോഗസ്ഥതലത്തിലും വന്‍ അഴിച്ചു പണിക്ക് ട്രംപ് തയ്യാറെടുക്കുന്ന വേളയില്‍ കൂടിയാണ് ശത്രുനിരയെ വ്യാഖ്യാനിച്ചു കൊണ്ട് പുസ്തകം ഇറങ്ങുന്നതെന്നതാണ് മറ്റൊരു കാരണം.