News World

വെർജിനിയൻ സെനറ്റിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ അമേരിക്കൻ മുസ്ലീം വനിതാ പ്രതിനിധി

 വെർജിനിയൻ സെനറ്റിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ അമേരിക്കൻ മുസ്ലീം വനിതാ പ്രതിനിധി. റിപ്പബ്ലിക്കൻ സെനറ്റർ ഗ്ലെൻ സ്റ്റർട്ട്വെയിന്റിനെ വൻ ഭൂരിപക്ഷത്തോടെയാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ഗസാല ഹഷ്മി പരാജയപ്പെടുത്തിയത്. 'ഇത് എന്റെ വിജയമല്ല, നിങ്ങളുടെ എല്ലാവരുടെയും വിജയമാണ്. വെർജിനിയായുടെ പുരോഗതിക്കായി പ്രവർത്തിക്കാൻ തുടർന്നും നിങ്ങളുടെ സഹകരണം ആവശ്യമാണ്. ഇതായിരുന്നു വിജയത്തിന് ശേഷമുള്ള ഹഷ്മിയുടെ ആദ്യ പ്രതികരണം. ഇരുപത് വർഷത്തോളം റിച്ച്മണ്ട് റയ്നോൾഡ് കമ്മ്യൂണിറ്റി കോളേജിൽ ലിറ്ററേച്ചർ പ്രഫസറായിരുന്നു ഗസാല ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. സിയ ഹഷ്മി തൻവീർ ഹഷ്മി ദമ്പതികളുടെ മകളായി 1964 ലായിരുന്നു ഗസാല ഹഷ്മിയുടെ ജനനം. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റായിരുന്നു ഗസാലയുടെ പിതാവ്. 55 കാരിയായ ഹഷ്മി ജോർജിയ സതേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും അറ്റ്ലാൻഡാ എംറോയ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇവർക്ക് നാല് വയസുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.