News World

അമേരിക്കയുടെ അമരത്തേക്ക് ജോ ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേക്ക്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 10.30നാണ് യു.എസ്. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. അമേരിക്കയുടെ വൈസ് പ്രസിഡന്റായി കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന ചരിത്രമാണ് കമല ഹാരിസ് സൃഷ്ടിക്കുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും കമലയാണ്. ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ സ്വദേശി ഡൊണാള്‍ഡ് ജെ ഹാരിസിന്റെയും മകളായ കമല, ഒരുപക്ഷെ ഭാവിയില്‍ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്കും എത്തിപ്പെട്ടേക്കാം.