News World

ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

അതിനിഗൂഢമായ ഒരു തിരോധാനക്കേസിന്റെ അന്വേഷണം. കാണാതായത് പാഡി മോറിയാറിട്ടി എന്ന എഴുപതുകാരന്‍. തിരോധാനം സംഭവിച്ചത് ആസ്‌ട്രേലിയയിലെ വടക്കന്‍ അതിര്‍ത്തിയായ ലാറിമാ പട്ടണത്തില്‍. പൊടി നിറഞ്ഞ പുരാതന പട്ടണം. ആകെ ജനസംഖ്യ പതിനൊന്ന് പേര്‍. എല്ലാവരും എഴുപതിനു മുകളില്‍ എത്തി വാര്‍ധക്യത്തിന്റെ വല്ലായ്മ ബാധിച്ചവര്‍. 2017 ഡിസംബര്‍ പതിനാറ്. ലാറിമയിലെ പതിനൊന്നു പേരെയും സംശയത്തിന്റെ നിഴലിലാക്കിയ നിഗൂഢമായ തിരോധാനം സംഭവിച്ചത് അന്നാണ്. എഴുപതുകാരനായ പാഡി മോറിയാറിട്ടി മദ്യസത്ക്കാരത്തിനായി പട്ടണത്തിലെ ഏക ഹോട്ടലായ പിങ്ക് പാന്തറില്‍ എത്തി. പതിവ് തെറ്റിക്കാതെ അന്നും എട്ടു ബിയറുകള്‍ കുടിച്ചു. ഇരുട്ടു വീണതോടെ പാഡി തന്റെ പ്രിയപ്പെട്ട നായയുമൊത്ത് ഹോട്ടലില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു. പിന്നീട് ആരും അയാളെ കണ്ടിട്ടില്ല. പാഡിയുടെ തിരോധാനം പതിനൊന്നു പേര്‍ മാത്രമുള്ള ആ പട്ടണത്തിന്റെ താളം തെറ്റിച്ചു. പാഡിയെ കാണാതായതിന്റെ പിറ്റേന്നു മുതല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എട്ടു മാസത്തിലധികമായിട്ടും തിരോധാനത്തിന്റെ ചുരുളഴിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പാഡി എവിടെ പോയി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കത്തക്ക തെളിവുകളും ലഭിച്ചിട്ടില്ല. പട്ടണത്തില്‍ ആകെയുള്ള പതിനൊന്നു പേരും പോലീസിന്റെ സാക്ഷിപ്പട്ടികയിലുണ്ട്. ചിലര്‍ സംശയത്തിന്റെ നിഴലിലും. ഇവരില്‍ ആരെങ്കിലും ആകും പാഡിയുടെ ഘാതകന്‍ എന്നാണ് പോലീസ് വിശ്വസിക്കുന്നത്.