News World

രണ്ടാം ലോകമഹായുദ്ധ നായകന്‍ ജോ ആച്ചിം റാന്‍ബര്‍ഗ് വിടവാങ്ങി

ഹിറ്റലറുടെ ആണവസ്വപ്‌നം തകര്‍ത്ത, രണ്ടാം ലോകമഹായുദ്ധ നായകന്‍ ജോ ആച്ചിം റാന്‍ബര്‍ഗ് 99-ാം വയസില്‍ വിടവാങ്ങി. ഹിറ്റ്‌ലറുടെ സ്വപ്‌നം തകര്‍ത്ത സംഘത്തിലെ ജീവിച്ചിരുന്ന ഏക കമാന്‍ഡോ. നോര്‍വെയിലെ വിദൂരസ്ഥലമായ വെര്‍മോക്കിലെ ജലവൈദ്യുത നിലയം തകര്‍ക്കുക. ആ നിലയം കേന്ദ്രീകരിച്ച് ഹിറ്റലര്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നുണ്ടെന്നായിരുന്നു ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്. റാന്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ 8 അംഗ കമാന്‍േഡാ സംഘമാണ് ദൗത്യത്തിനായി നിയോഗിക്കപ്പെട്ടത്. ഇരുട്ടിന്റെ മറവില്‍ ശത്രുനിരയുടെ മധ്യഭാഗത്ത് റാന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്തില്‍ നിന്ന് ചാടി. കൊടും വനത്തിലായിരുന്നു ലാന്‍ഡിംഗ്. പിന്നീട് അഞ്ചു ദിവസമെടുത്തു നാസികളുടെ കനത്ത സുരക്ഷാ വലയത്തിലുള്ള വൈദ്യുത നിലയിത്തെിലെത്താന്‍. ജയിംസ് ബോണ്ട് സിനിമകളില്‍ പോലും കാണാത്ത സാഹസികതയിലൂടെയാണ് സംഘം നിലയത്തിനുള്ളില്‍ കടന്നത്. കീഴ്ക്കാംതൂക്കായ മലകളിലൂടെയും ഭൂഗര്‍ഭ ടണലിലൂടെ നൂണ്ടിറങ്ങിയുമായിരുന്നു ആ സാഹസിക യാത്ര. ഒടുവില്‍ ഹിറ്റലറുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ ടൈമര്‍ ബോംബുകള്‍ സ്ഥാപിച്ച് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി. ലോകത്തെ ആദ്യ അണുബോംബ് നിര്‍മ്മാണ പദ്ധതി ഒരു നിമിഷം കൊണ്ട് പൊട്ടിത്തെറിച്ചു. കരയിലൂടെയും ആകാശമാര്‍ഗവും വളഞ്ഞ നാസിപ്പടയുടെ പിടിയില്‍ നിന്ന് മഞ്ഞിലൂടെ സ്‌കീയിംഗ് നടത്തിയാണ് റാന്‍ബര്‍ഗും സംഘവും രക്ഷപ്പെട്ടത്. 200കീലോമീറ്റര്‍ സ്‌കീയിംഗ് ചെയ്തു എന്നു പറയുമ്പോള്‍ തന്നെ അനുഭവിക്കാം ആ സാഹസിക യാത്ര. ശത്രുപക്ഷത്ത് നിന്ന് റാന്‍ബര്‍ഗും സംഘവും രക്ഷപ്പെട്ടു കയറിയത് രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും വാഴ്ത്തപ്പെട്ട വീരേതിഹാസ ഗാഥയിലേക്കായിരുന്നു. ജീവിച്ചിരുന്ന ആ സാഹസിക പട്ടാളക്കാരനാണ് ഹിറ്റലറുടെ നെഞ്ച് തകര്‍ത്ത ആ ഓപറേഷന്റെ ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ച് യാത്രയായത്.