News World

മാധ്യമ പ്രവര്‍ത്തക വിക്ടോറിയ മാരിനോവയെ കൊലപ്പെടുത്തി

ബള്‍ഗേറിയയില്‍ യുവ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊന്നു. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകയായ വിക്ടോറിയ മാരിനോവയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മല്‍ഡോവ പാസ്‌പോര്‍ട്ടുള്ള റൊമാനിയന്‍ പൗരന്‍ അറസ്റ്റിലായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ചയാണ് ഡാന്യൂബ് തീരത്തെ റൂസിനു സമീപപ്രദേശത്ത് വിക്‌ടോറിയ മാരിനോവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ കൊലപാതകമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചുമാണ് മാരിനോവയെ കൊന്നത്. അവരുടെ ഫോണും കാറിന്റെ താക്കോലും കണ്ണടയും വസ്ത്രങ്ങളുടെ ചില ഭാഗങ്ങളും കാണാനില്ല. ടി.വി.എന്‍. ടെലിവിഷനില്‍ 'ഡിറ്റേക്ടര്‍' എന്ന കുറ്റാന്വേഷണ പരിപാടിയുടെ അവതാരക കൂടിയായിരുന്നു വിക്‌ടോറിയ മാരിനോവ. അടുത്തിടെ യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുമായി ബന്ധപ്പെട്ട ചില അഴിമതിക്കഥകള്‍ മാരിനോവ പുറത്തു വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികാരമാണോ ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.