News World

'ഗ്രെറ്റ' ലോകത്തെ പ്രചോദിപ്പിച്ച പരിസ്ഥിതി പോരാളി നോബല്‍ സമ്മാനത്തിലേയ്ക്ക്

നൂറ്റാണ്ടിലെ പ്രളയം കേരളത്തെ തകര്‍ത്തുകളഞ്ഞ ഓഗസ്റ്റ് മാസം അങ്ങ് സ്വീഡനില്‍ ഒരു പതിനാറുകാരി ഒറ്റയ്ക്ക് ഒരു സമരത്തിന് ഇറങ്ങി. കാലാവസ്ഥ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഒറ്റയ്ക്ക് ഒരു ബാനറുമേന്തി ഗ്രെറ്റാ ട്ട്യുംബേരി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി, സ്വീഡിഷ് പാര്‍ലമെന്റിന് മുമ്പില്‍ ഇരുന്നു. പിന്നെ എല്ലാ വെള്ളിയാഴ്ചയും അവള്‍ അത് ശീലമാക്കി. മാതാപിതാക്കള്‍ അവളെ പിന്തിരിപ്പിച്ചു. ക്ലാസിലെ മറ്റുകുട്ടികള്‍ അവള്‍ക്കൊപ്പം നിന്നുമില്ല. വഴിയേ പോയവര്‍ അവളോട് സഹതപിക്കുകമാത്രം ചെയ്തു. ഇന്ന് എട്ട് മാസത്തിനിപ്പുറം മാര്‍ച്ച് 15വെള്ളിയാഴ്ച പതിവുപോലെ അവള്‍ തന്റെ സമരയിടത്തേക്ക് പോകുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ഒപ്പമുണ്ട്. കാലാവസ്ഥ വ്യതിയാനം തടയാന്‍ പരിഹാരം തേടണം എന്നാവശ്യപ്പെട്ടുകൊണ്ട്. വളര്‍ന്നുകൊണ്ടിരിക്കുന്ന അവളുടെ പോരാട്ടം കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി ലോകം കണ്ട ഏറ്റവും വലിയ സമരമുറയായി മാറുകയാണ്. തീര്‍ത്തും അന്തര്‍മുഖയായ തനിക്ക് ഇതെങ്ങനെ സാധിച്ചു എന്നത് ആലോചിക്കുമ്പോള്‍ അത്ഭുതം ഉണ്ടെന്ന് പറയുന്നു ഗ്രെറ്റാ. അധ്യാപകര്‍ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ചും പരിസ്ഥിതിപ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെയുള്ള സിനിമകള്‍ കാണിച്ചു തന്നു. ആ ദൃശ്യങ്ങള്‍ കണ്ടുതീരുംവരെ അവള്‍ കരഞ്ഞു. പിന്നീട് അത് അവളുടെ മനസില്‍ നിന്ന് മാഞ്ഞില്ല. എട്ടാം വയസില്‍ ആദ്യമായി കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിച്ചപ്പോള്‍ മുതിര്‍ന്നവര്‍ ഇതിനുവേണ്ടി ഒന്നും ചെയ്യുന്നില്ലല്ലോ എന്ന വസ്തുത അവളെ ഞെട്ടിച്ചു. ഇങ്ങനെ പോയാല്‍ ഇനിയുള്ള തലമുറക്ക് ഒരു ഭാവി ഉണ്ടോകുമോ എന്നുപോലും അവള്‍ ഭയന്നു. ആ വേദനയില്‍ സ്‌കൂളില്‍പോകാന്‍ പോലും കഴിയാതെ അവള്‍ വീട്ടിനുള്ളില്‍ തന്നെയിരുന്നു. അങ്ങനെ മാതാപിതാക്കളോട് അവള്‍ ഈ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം സംസാരിച്ചുതുടങ്ങി. എല്ലാം ശരിയാകും എന്ന് പറഞ്ഞ് ആദ്യമൊക്കെ, ഗ്രേറ്റയെ മാതാപിതാക്കള്‍ സമാധാനിപ്പിച്ചു. പിന്നെയും അവള്‍ ഇത് മാത്രം സംസാരിച്ചുകൊണ്ടിരുന്നു. വീട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട പല ദൃശ്യങ്ങളും കാണിച്ചുകൊടുത്തു. അങ്ങനെ അവര്‍ താന്‍ പറയുന്നത് ശ്രദ്ധിച്ചുതുടങ്ങി. അപ്പോഴാണ് ഗ്രേറ്റയ്ക്ക് മനസിലായത് ശ്രമിച്ചാല്‍ ലോകം മുഴുവനും തന്നെ കേള്‍ക്കും എന്ന്. അങ്ങനെയാണ് ഒറ്റയാള്‍ സമരത്തിന് അവള്‍ ഇറങ്ങുന്നത്. ഓഗസ്റ്റ് 20നായിരുന്നു ആദ്യ സമരം. പിന്നെ എല്ലാ വെള്ളിയാഴ്ചകളിലും അത് തുടര്‍ന്നു. മഴയും മഞ്ഞും വെയിലും ഒന്നും അവളെ പിന്തിരിപ്പിച്ചില്ല. ആദ്യവട്ടം അവള്‍ ഒറ്റയ്ക്കായിരുന്നു. രാവിലെ എട്ടരമുതല്‍ മൂന്നരവരെ. പിന്നീട് ഘട്ടംഘട്ടമായി പലരും അവള്‍ക്കൊപ്പം ചേര്‍ന്നു. സ്വീഡിഷ് ദേശീയ തിരഞ്ഞെടുപ്പ് വരെ എല്ലാ വെള്ളിയാഴ്ചയും സമരം തുടരാന്‍ അവള്‍ തീരുമാനിച്ചു. ക്ലൈമറ്റ് റാലിയില്‍ അവള്‍ പ്രസംഗിച്ചു. രാഷ്ട്രീയക്കാരും വ്യവസായികളും കോടിപതികളായ സംരംഭകരുമായി ഒക്കെ അവള്‍ ചര്‍ച്ച നടത്തി. അവരുടെ കേവല വാഗ്ദാനങ്ങളിലും ശുഭാപ്തിവിശ്വാസപ്രകടനങ്ങളിലും അവള്‍ തൃപ്തയായില്ല. അവള്‍ സംസാരിച്ച എല്ലാ നേതാക്കന്‍മാരോടും പരിഹാരമാര്‍ഗങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അങ്ങനെ പലരും അവളെ കേട്ടുതുടങ്ങി. പതിറ്റാണ്ടിനിടെ, പരിസ്ഥിതിക്കുവേണ്ടി നടന്ന ഏറ്റവും മികച്ച സമരമാര്‍ഗമായി അവളുടെ സ്‌കൂള്‍ സമരത്തെ ശാസ്ത്രജ്ഞരും ലോകനേതാക്കളും അടക്കം വിശേഷിപ്പിച്ചു. ഐക്യരാഷ്ട്രസഭയില്‍ അവള്‍ സംസാരിച്ചു. ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്ഡറ് ജീന്‍ ക്ലോഡ് ജങ്കറുമായി വേദി പങ്കിട്ടു. കഴിഞ്ഞ ദിവസം സമാധാനത്തിനുള്ള നൊബേലിന് അവളുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. പൊതുവേദിയില്‍ സംസാരിക്കാനോ സമൂഹവുമായി ഇടപെടാനോ പേടിയുള്ള ആള്‍ക്കൂട്ടപ്പേടിയുടെ ഇരയാണ്. അതുകൊണ്ടുതന്നെ അവളുടെ പോരാട്ടത്തിനോട് ആദ്യമൊക്കെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പായിരുന്നു. പക്ഷെ തന്നെ ഉലച്ചുകളയുന്ന വിഷയമുണ്ടായാല്‍ തനിക്ക് വേദനിച്ചാല്‍ അത് പരിഹരിക്കാനായി ഏതറ്റം വരെയും പോകാന്‍ സാധിക്കും എന്ന് സാക്ഷ്യപ്പെടുത്തുന്നു ഗ്രെറ്റാ. അതുകൊണ്ട് മാത്രമാണ് ഗ്രെറ്റാ ട്ട്യുംബേരി എന്ന പതിനാറുകാരി ഇന്ന് നിശ്ചയദാര്‍ഢ്യത്തിന്റെ, പ്രതീക്ഷയുടെ ആഗോള പ്രതീകമായത്.