Programs Vakradrishti

രാഷ്ട്രീയ മല കയറ്റം കഠിനം പൊന്നയ്യപ്പാ

ശബരിമലയില്‍ ബി.ജെ.പി നേതാക്കള്‍ പോയി അറസ്റ്റിലാവുന്നത് കണ്ട് യു.ഡി.എഫിന് ഇരിപ്പുറയ്ക്കുന്നില്ല. ബി.ജെ.പിയെ പോലെ പ്രശ്‌നം കത്തിക്കാനും പറ്റില്ല. എന്നാല്‍, വിഷയത്തില്‍ ഒറ്റപ്പെടാനും കഴിയില്ല. അങ്ങനെയാണ് കൊച്ചിയില്‍ ഒത്തു കൂടിയ യു.ഡി.എഫ് നേതാക്കള്‍ രാഷ്ട്രീയ മല കയറ്റത്തിന് തീരുമാനിച്ചത്. ഒരു ഫാക്ട് ഫൈന്‍ഡിംഗ് ടീം എന്ന നിലയില്‍ മാത്രമല്ല വേണമെങ്കില്‍ അറസ്റ്റു വരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു യാത്ര. വൈദ്യന്‍ ആശിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ എന്ന് പറയുന്നത് പോലെ നിലയ്ക്കലില്‍ പോലീസ് യു.ഡി.എഫ് സംഘത്തെ തടഞ്ഞു. പക്ഷേ, വെയിലു കൊള്ളിച്ചത് മാത്രം മിച്ചം. നിരോധനാജ്ഞ ലംഘിക്കാനായിരുന്നു പ്ലാന്‍. സമാധാന പ്രിയരായ യു.ഡി.എഫുകാര്‍ക്ക് നിരോധനാജ്ഞയില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ യു.ഡി.എഫുകാര്‍ വീണ്ടും പെട്ടു. നിരോധനാജ്ഞ മൊത്തമായി പിന്‍വലിക്കണമെന്ന ആവശ്യമായി പിന്നീട്. ഒരു തരത്തിലും പോലീസ് അറസ്റ്റു ചെയ്യില്ലെന്ന് വന്നാല്‍ എന്ത് ചെയ്യും? പമ്പയിലും തടഞ്ഞില്ലെങ്കില്‍ പിന്നെ മല കയറി സന്നിധാനത്തെത്തണം. കരിമല കയറ്റം കഠിനം തന്നെയാണെ പൊന്നയ്യപ്പാ. മുദ്രാവാക്യവും ശരണവും മാറി മാറി വിളിച്ചു പമ്പയിലെത്തി സമരത്തിന്റെ ഒന്നാം ഘട്ടം അവസാനിപ്പിച്ചു. വക്രദൃഷ്ടി, എപ്പിസോഡ്: 674