Programs Vakradrishti

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ വെറുമൊരു ആനയല്ല, ഒരു സുവര്‍ണ അവസരം

ഒരു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിലാണ് തൃശ്ശൂരിലെ പുകിലെല്ലാം. കെ.ഡി ലിസ്റ്റിലുള്ള ആളൊന്നുമല്ല ഈ രാമചന്ദ്രന്‍. തലയെടുപ്പുള്ള, ഗജകേസരി പട്ടം കിട്ടിയ ആനയാണ്. ആള് പഞ്ചപാവമാണ്. ഇടഞ്ഞപ്പോള്‍ പണ്ട് അഞ്ചാറുപേരെ കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിയിട്ടുണ്ട്. അല്ലാതെ വലിയ കേസുകളൊന്നും ടിയാന്റെ പേരിലില്ല. പൊതുവേ സമാധാന പ്രേമി. പൂരത്തിന് തെക്കോട്ടിറക്കത്തിന് തിടമ്പേറ്റാനുള്ള അവകാശം ഒരു ആനചന്തമായി തന്നെ രാമചന്ദ്രനുണ്ട്. അങ്ങനെ പരമയോഗ്യനായ ഒരു ആനയെ ഇക്കൊല്ലം പൂരത്തിന് ഇറക്കരുതെന്ന് വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കുക എന്നു വച്ചാല്‍... എന്നാല്‍ പിന്നെ ഉത്സവത്തിനും പെരുന്നാളിനും നേര്‍ച്ചയ്ക്കും ഒന്നുമിനി എഴുന്നള്ളിക്കാന്‍ ആനകളെ കൊടുക്കേണ്ട എന്നാണ് ആന ഉടമകളുടെ സംഘടനാ നേതാക്കളുടെ തീരുമാനം. തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍ ആയെന്നു പറഞ്ഞാല്‍ മതി. വക്രദൃഷ്ടി, എപ്പിസോഡ്: 772