Programs Vakradrishti

സിനിമാക്കാരുടെ ലോങ് മാര്‍ച്ചില്‍ പ്രകോപിതനായി കുമ്മനം

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരളത്തില്‍ നടന്ന ഒരു പ്രതിഷേധവും ബി.ജെ.പി സംഘപരിവാര്‍ അനുഭാവികളെ പ്രകോപിച്ചിട്ടില്ല. ചില സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള യുവാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും കൊച്ചിയില്‍ നടത്തിയ ലോംഗ് മാര്‍ച്ചാണ് കുമ്മനം ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ രോഷത്തിന് കാരണമാകുന്നത്. കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞിട്ടു കടന്നലുകള്‍ കണ്ണില്‍ കുത്തിയേ എന്ന് പരിതിപിക്കുകയാണ്, പ്രക്ഷോഭത്തിലെ പൊതു മുതല്‍ നാശത്തിനെതിരെ സിനിമാക്കാര്‍ പ്രതിഷേധിക്കാത്തതെന്തേ എന്നാണ് കുമ്മനംജിയുടെ ചോദ്യം. സത്യം പറയാമല്ലോ... ഒരു ബന്ദോ ഹര്‍ത്താലോ കലാപമോ നടത്തുകയോ അതിലൊരു തീപ്പെട്ടി കൊള്ളി പോലും ഉരയ്ക്കുകയോ ചെയ്യാത്ത ഗാന്ധിയന്‍മാരെയാണ് നമ്മുടെ കുമ്മനംജി പ്രതിനിധാനം ചെയ്യുന്നത്. അയോധ്യാ പ്രക്ഷോഭവും ബാബറി മസ്ജിദ് തകര്‍ച്ചയും തുടങ്ങി അതിനു മുമ്പും പിന്‍പും നടന്ന എണ്ണമറ്റ കലാപങ്ങളില്‍, എന്തിന് അടുത്തിടെ നടന്ന ശബരിമല സമരത്തില്‍ വരെ ഗാന്ധിയന്‍ സമര മുറ മുറുകെ പിടിച്ച രാഷ്ട്രീയ പാരമ്പര്യമാണ് കുമ്മനത്തിന്റെ പാര്‍ട്ടിക്ക് അവകാശപ്പെടാനുള്ളത്. വക്രദൃഷ്ടി, എപ്പിസോഡ്:903.

 

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.