Programs Vakradrishti

തോക്ക് കിട്ടി, ഉണ്ട കുടത്തിലും തപ്പി തച്ചങ്കരി

സര്‍ക്കാര്‍ കണക്കുകളുടെ കണക്കപ്പിള്ളയായ സി.എ.ജിക്ക് കണക്കറിയില്ലെന്ന് പറഞ്ഞാല്‍ കഷ്ടമാണ്. ക്യാമ്പിലെ തോക്കുകളെല്ലാം ക്രൈം ബ്രാഞ്ച് മേധാവി വന്ന് പുറത്തെടുത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിച്ചു. കണക്കിലുള്ള തോക്കുകളെല്ലാം അവിടെത്തന്നെയുണ്ട്. എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന് വെല്ലുവിളിച്ചു ക്രൈം ബ്രാഞ്ച് മേധാവി എണ്ണിക്കാണിച്ചു. 647 തോക്കുകളും ഉണ്ട്. 13 തോക്ക് ഡ്യൂട്ടിക്ക് പോയിട്ടുണ്ട്. ആകെ 660 തോക്കിന്റെ കണക്കും ശരിയാണ്. പിന്നെന്തിനാണ് സി.എ.ജി. തോക്കു കാണാനില്ലെന്ന് പറഞ്ഞത്. ഒന്നാമതെ പഴഞ്ചന്‍ തോക്കുകളാണ് പോലീസിന്റെ കയ്യിലുള്ളത്. യു.പിയിലെ പോലീസിനെ പോലെ ജനങ്ങള്‍ക്ക് നേരെ വെടിവയ്ക്കാനില്ലാത്തതുകൊണ്ട് ഈ പോലീസ് തോക്കുകള്‍ക്കൊന്നും വലിയ പണിയില്ല. ലാത്തികള്‍ക്ക് പോലും വല്ലപ്പോഴും വരുന്ന ലാത്തിച്ചാര്‍ജുകളിലാണ് തൊഴിലുറപ്പ് പണി കിട്ടുന്നത്. അങ്ങനെ ഇരുന്ന് തുരുമ്പെടുത്ത തോക്കുകള്‍ ഇന്ന് തച്ചങ്കരി വന്ന് പുറത്തെടുത്ത് തൂത്തു തുടച്ച് എണ്ണയിട്ട് വൃത്തിയാക്കി. തോക്കുകള്‍ തുരുമ്പെടുക്കാതിരിക്കാന്‍ സി.എ.ജി പ്രയോഗിച്ച ഒരു തന്ത്രമായിരിക്കുമോ? അതോ ചെന്നിത്തല പറയുന്നത് പോലെ മോഷ്ടിച്ചവര്‍ തന്നെ തോക്കുകള്‍ തിരികെ കൊണ്ടു വെച്ചതാണോ? വക്രദൃഷ്ടി, എപ്പിസോഡ്: 933