Programs Vakradrishti

ആപ്പെവിടെ, ആപ്പ്?

മെയ് ഒന്ന് മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യഷാപ്പുകള്‍ തുറന്നിട്ടും കേരളം തുറക്കാത്തത് മുഖ്യമന്ത്രി ഒറ്റയാളുടെ നിര്‍ബന്ധമാണത്രെ. ഏതോ ആപ്പ് വരുന്നത് വരെ തുറക്കേണ്ട എന്നത് ഇവിടത്തെ മദ്യപര്‍ക്ക് ആപ്പു വെച്ച തീരുമാനമായിപ്പോയി. എന്നിട്ട് ഈ ആപ്പ് ശരിയാക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. സ്്കൂള്‍ പിള്ളേര്‍ വരെ സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കിക്കളിക്കുന്ന ഇക്കാലത്ത് ചില സ്റ്റാര്‍ട്ടപ്പ് പിള്ളേരെയാണ് ഈ ആപ്പ് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അവരുണ്ടാക്കിയ ആപ്പ് ഗൂഗിളിന്റെ പ്ലേ സ്‌റ്റോറിലെത്തിയാല്‍ മാത്രമേ മദ്യപര്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്ത് മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ പറ്റുവത്രെ. കാലം പോയ പോക്ക് നോക്കണേ. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അറിയാത്തവര്‍ എന്തോ ചെയ്യും എന്ന് മുഖ്യമന്ത്രിയോട് ചേദിച്ചപ്പോള്‍ അതിനുള്ള വഴിയൊക്കെ അവര്‍ കണ്ടെത്തിക്കോളുമെന്നാണ് മുഖ്യന്‍ വരെ പറഞ്ഞത്. ശരി അവര്‍ എങ്ങനെയെങ്കിലും അതില്‍ കയറിക്കോളും പക്ഷെ, ഇപ്പോ വരും ഇപ്പോ വരും എന്ന് പറയുന്നതല്ലാതെ ഈ ആപ്പെവിടെ? ഗൂഗിളിന് സമര്‍പ്പിച്ചിരിക്കുകയാണത്രെ. ആപ്പ് പോയിട്ട് കളിക്കോപ്പു പോലും ഉണ്ടാക്കാന്‍ അറിയാത്ത പിള്ളേരെയാണ് ആപ്പ് ഉണ്ടാക്കാന്‍ എല്‍പ്പിച്ചിരിക്കുന്നതെന്നും അതിന് പിന്നില്‍ അഴിമതിയാണെന്നും പ്രതിപക്ഷം പതിവു പോലെ ആരോപണവും ഉന്നയിച്ചിട്ടുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 989