ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിക്ക് നേരെ ക്രൂര ആക്രമണം; പ്രതി പിടിയിൽ
ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ ക്ലാസ് മുറിയിൽ അതിക്രമിച്ചു കയറി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പവർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു. അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ എത്തിയ രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും സഹപാഠികൾക്കും നേരെയും അക്രമമുണ്ടായി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുഖ്യപ്രതിയായ ഹേമന്തിനെ ധർമ്മവരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന സുഹൃത്തിനായി തിരച്ചിൽ തുടരുകയാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.