ബംഗളൂരുവിൽ ഹോട്ടലിലേക്ക് കാർ ഇടിച്ചുകയറി അപകടം; തിളച്ച എണ്ണ വീണ് 3 തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ബംഗളൂരു ബെന്നാർഘട്ട റോഡിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചുകയറി മൂന്ന് പാചകത്തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. റോഡരികിലെ കബാബ് സെന്ററിലേക്ക് എസ്.യു.വി കാർ ഇടിച്ചുകയറുകയായിരുന്നു. കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചാണ് വാഹനം അകത്തേക്ക് പാഞ്ഞത്. ഇടിയുടെ ആഘാതത്തിൽ തൊഴിലാളികൾ തിളച്ച എണ്ണയിലേക്ക് വീഴുകയും പാത്രം മറിഞ്ഞ് ചൂടുള്ള എണ്ണ ദേഹത്ത് വീഴുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എൽ ബോർഡ് വെച്ച വാഹനം ഓടിച്ചിരുന്നത് ഒരു യുവതിയായിരുന്നുവെന്നും നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നും വ്യക്തമായിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: Bengaluru accident, Bannerghatta road accident, car crash into restaurant, hot oil burns, Bengaluru kebab shop crash