കഴുത്തിൽ കത്തിവെച്ച് മാല പൊട്ടിക്കാൻ ശ്രമം; പ്രതിയെ കീഴ്പ്പെടുത്തി നാട്ടുകാർ

ബംഗളൂരുവിലെ ഇന്ദിരാ നഗറിൽ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ധീരമായി കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ചു. ജനത്തിരക്കേറിയ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ഡെലിവറി ബോയിയുടെ വേഷത്തിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. തലയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതി മാല പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ യുവതി നിലവിളിക്കുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. തുടർന്ന് പ്രതി അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തിൽ ചേർത്തുപിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ബഹളം കേട്ടെത്തിയ ഓട്ടോറിക്ഷാ തൊഴിലാളികളും സമീപത്തെ വ്യാപാരികളും സംഭവത്തിൽ ഉടനടി ഇടപെട്ടു. കത്തി താഴെയിടാൻ ആളുകൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. യുവതിയെ ഓട്ടോറിക്ഷയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരിൽ ഒരാൾ പ്രതിയെ അടിച്ച് താഴെയിട്ട് യുവതിയെ പരിക്കുകളില്ലാതെ രക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പിടിയിലായ പ്രതി ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന പ്രഭുരാജ് എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരായ അതിക്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

Content Highlights: Bengaluru chain snatching, Indiranagar crime news, delivery boy arrested Bengaluru, woman knifepoint robbery, Bengaluru police Prabhuraj, Bengaluru viral video, street crime Bengaluru, brave locals rescue woman, Indiranagar police station, Karnataka crime news