ബംഗളൂരുവിൽ മാല പൊട്ടിക്കാൻ ശ്രമം: കഴുത്തിൽ കത്തിവെച്ച് ഭീഷണി, യുവാവിനെ കീഴ്പ്പെടുത്തി നാട്ടുകാർ

ബംഗളൂരുവിലെ ഇന്ദിരാ നഗറിൽ യുവതിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഉണ്ടായ നാടകീയ സംഭവങ്ങൾ. മാല കവരാൻ ശ്രമിച്ച ഡെലിവറി ബോയിയായ പ്രതി, യുവതി ബഹളം വെച്ചതോടെ കഴുത്തിൽ കത്തിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കത്തി താഴെയിടാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതിയെ നാട്ടുകാർ ഇന്ദിരാ നഗർ പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ യുവതിക്ക് പരിക്കേൽക്കുകയോ മാല നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പോലീസ് കസ്റ്റഡിയിൽ ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

Content Highlights: Bengaluru Indiranagar Crime, Chain Snatching Attempt, Woman Held Knifepoint, Indiranagar Police Arrest, Delivery Boy Robbery