ഇൻസുലിൻ വിവാദത്തിൽ അടിയന്തര ഇടപെടലുമായി ആരോഗ്യമന്ത്രി; KMSCL MDക്ക് കർശന നിർദേശം
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഐസോഫേൻ ഇൻസുലിന്റെ (Isophane Insulin) ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകളിൽ അടിയന്തരമായി ഇടപെട്ട് ആരോഗ്യമന്ത്രി. രാജസ്ഥാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് (Substandard) കണ്ടെത്തിയ ബയോകോൺ (Biocon) കമ്പനിയുടെ ഐസോഫേൻ ഇൻസുലിൻ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന മാതൃഭൂമി ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ അടിയന്തര നടപടി.
വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) മാനേജിങ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പ്രമേഹ രോഗികൾ നിത്യേന ഉപയോഗിക്കുന്ന മരുന്നിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നും, ഗുണനിലവാരമില്ലാത്ത ബാച്ചുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടനടി പിൻവലിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.