‘വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ട’

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി (Share Transfer) ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണ്ണായക പ്രതികരണവുമായി കെ.വി. തോമസ്. തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ ബോധ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അംഗീകാരം ലഭിച്ച ശേഷം ഈ വിവരം സംസ്ഥാന സർക്കാരിനെ അറിയിച്ചാൽ മാത്രം മതിയെന്നാണ് ചട്ടങ്ങൾ പരിശോധിച്ചതിൽ നിന്നും തനിക്ക് മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിൽ തന്റെ ബോധ്യം ആകണമെന്നില്ല അന്തിമമെന്നും, സർക്കാരിന് സ്വന്തം നിലയിൽ കരാറിലെ വ്യവസ്ഥകൾ വിശദമായി പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷയെയും ഓഹരി പങ്കാളിത്തത്തെയും കുറിച്ച് മുൻ മാരിടൈം ബോർഡ് ചെയർമാൻ അടക്കമുള്ളവർ കടുത്ത ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിലാണ് കെ.വി. തോമസിന്റെ ഈ പുതിയ പ്രസ്താവന.