വേദിയിൽ വീണ്ടും ഗാനഗന്ധർവ്വ സ്വരം; ഡാലസിലെ ഓണാഘോഷത്തിൽ പങ്കെടുത്ത് യേശുദാസ്

കോവിഡിന് ശേഷം ആറ് വർഷമായി അമേരിക്കയിൽ കഴിയുന്ന ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് വീണ്ടും വേദിയിൽ എത്തി ഗാനങ്ങൾ ആലപിച്ചു. യുഎസിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. കേരളത്തെ ചേർത്തുനിർത്തുന്നത് മതസൗഹാർദ്ദമാണെന്നും അത് ചോർന്നുപോകാതെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഗീതമെന്ന സമുദ്രത്തെ ഉൾക്കൊള്ളാൻ ഈ ജന്മം പോരെന്നും പ്രേക്ഷകരുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് തന്നെ നിലനിർത്തുന്നതെന്നും യേശുദാസ് വ്യക്തമാക്കി.