വാഹനവിവരങ്ങൾ ചോർന്നത് MVDയിൽ നിന്നല്ല;മാതൃഭൂമി ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ
മോട്ടോർ വാഹന വകുപ്പിന്റെ വിവരങ്ങൾ ഉപയോഗിച്ച് സംസ്ഥാനത്ത് നടക്കുന്ന ഓൺലൈൻ ചലാൻ തട്ടിപ്പുകളെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ അടിയന്തര ഇടപെടൽ. വാർത്ത അതീവ ഗൗരവത്തോടെ പരിഗണിച്ച ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു, മോട്ടോർ വാഹന വകുപ്പിന്റെ സൈബർ സുരക്ഷ ശക്തമാക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
അതേസമയം, പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും തട്ടിപ്പുകാർക്ക് ലഭിക്കുന്ന വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ (MVD) ഔദ്യോഗിക സർവറുകളിൽ നിന്ന് ചോർന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. വാഹന ഉടമകളുടെ വിവരങ്ങൾ മറ്റ് പല പൊതു പ്ലാറ്റ്‌ഫോമുകളിലും ഇൻഷുറൻസ് വെബ്‌സൈറ്റുകളിലും ലഭ്യമാണെന്നും അവിടെ നിന്നാകാം വിവരങ്ങൾ ചോർന്നതെന്നുമാണ് പ്രാഥമിക നിഗമനം. എങ്കിലും വകുപ്പിന്റെ ഡാറ്റാബേസ് കൂടുതൽ സുരക്ഷിതമാക്കാൻ കർശനമായ സുരക്ഷാ ഓഡിറ്റിംഗ് നടത്തുമെന്നും കമ്മീഷണർ ഉറപ്പുനൽകി. മാധ്യമ വാർത്തയെത്തുടർന്ന് അധികൃതർ നേരിട്ട് രംഗത്തിറങ്ങിയത് വാഹന ഉടമകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.