പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിൽ നിന്ന് പ്രതി താഴേക്ക് ചാടി; സംഭവം കൈവിലങ്ങോടെ
പെരുമ്പാവൂരിൽ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്നാനാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഒന്നാം നിലയിൽ നിന്ന് കൈവിലങ്ങോടെ ചാടിയത്. അതിജീവിതയുടെ വീട്ടിൽ കയറി കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കവേ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പ്രതി, മജിസ്ട്രേറ്റിന്റെ മുന്നിലൂടെ ഓടി പുറത്തിറങ്ങി താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ ശരീരത്തിൽ പരിക്കേറ്റ ഇയാളെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്കാനിംഗിന് വിധേയനാക്കി. സംഭവത്തെ തുടർന്ന് പ്രതിയുടെ അറസ്റ്റ് പോലീസ് വീണ്ടും രേഖപ്പെടുത്തി.