ശബരിമല നട തുറന്നു; വൻ ഭക്തജനത്തിരക്ക്, മേൽശാന്തി നറുക്കെടുപ്പ് നാളെ
തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്നതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. മഴയെ അവഗണിച്ച് നാല്പതിനായിരത്തിലധികം തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. മുപ്പതിനായിരത്തിലേറെ പേർ ഓൺലൈൻ വഴി ബുക്ക് ചെയ്തിരുന്നു. തുലാം ഒന്നായ നാളെ രാവിലെ അഞ്ചുമണിക്ക് നട വീണ്ടും തുറക്കും. ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴേമുപ്പതിന് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളിൽ നട തുറക്കുന്നു എന്ന സവിശേഷതയുമുണ്ട്. പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22-ന് നട അടയ്ക്കും.