ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ നഷ്ടപരിഹാരമായി നൽകും; കൂടുതൽ പ്രഹരം നേരിടേണ്ടി വരുമെന്ന് ട്രംപ്

അമേരിക്ക മുന്നോട്ടുവെച്ച താത്ക്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക്. ഇറാനെതിരെ കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന് ഇനിയും കൂടുതൽ ശക്തമായ പ്രഹരം നൽകുമെന്നും, ഉപരോധങ്ങളുടെ ഭാഗമായി മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കൾ ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ച കപ്പലുകൾക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനത്തോടെ മേഖലയിൽ വൻതോതിലുള്ള സൈനിക നീക്കങ്ങൾക്കും സംഘർഷ സാധ്യതകൾക്കുമാണ് വീണ്ടും കളമൊരുങ്ങിയിരിക്കുന്നത്.