കടുത്ത വേനലിൽ തൊഴിലാളികൾക്ക് ആശ്വാസമായി ദുബായ് GDRFA; 8000-ലധികം പേർക്ക് സൗജന്യ ആരോഗ്യപരിശോധന
വേനൽച്ചൂട് കടുക്കുന്നതിനിടെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സൗജന്യ ആരോഗ്യ പരിശോധനയും ബോധവൽക്കരണവും സംഘടിപ്പിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA). 'സമ്മർ വിത്തൗട്ട് റിസ്ക്' പദ്ധതിയുടെ ഭാഗമായി മുഹൈസ്ന, അൽ മങ്കൂൾ, അൽ ജദ്ദാഫ്, അൽ ഖിസൈസ്, മുറഖാബാത്ത് എന്നീ മേഖലകളിലെ 8,350-ലേറെ തൊഴിലാളികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ജോലിസ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധനകൾ നടത്തുന്നതിനൊപ്പം, ഉയർന്ന താപനില മൂലം ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെയും മാനസിക സമ്മർദ്ദത്തെയും കുറിച്ച് മുൻകരുതൽ നിർദേശങ്ങളും അതോറിറ്റി തൊഴിലാളികൾക്ക് നൽകി.
