സൗദിയുടെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പമുണ്ട്: ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ. എണ്ണസ്ഥാപനങ്ങൾക്കെതിരായ ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ജിസിസി. രാജ്യത്തെ
സംരക്ഷിക്കാൻ റിയാദ് സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ അറിയിച്ചു. റിയാദിന്റെ സുരക്ഷയും ദേശീയ താൽപര്യങ്ങളും ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സൗദിയുടെ എണ്ണ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള ഭീഷണിയാണെന്ന് ജാസിം മുഹമ്മദ് അൽ ബുദൈവി ചൂണ്ടിക്കാട്ടി. ഇറാഖിലെ ഇറാൻ അനുകൂല തീവ്രവാദികളുടെ നടപടികളെ കുവൈത്ത് ശക്തമായി അപലപിക്കുകയും, അവ സംഘർഷം കൂടുതൽ വഷളാക്കുന്നതാണെന്ന് വിലയിരുത്തുകയും ചെയ്തു. ബഹ്റൈനും റിയാദിനൊപ്പം നിലകൊണ്ട്, ആക്രമണങ്ങളെ പ്രതിരോധിക്കാനും ആവശ്യമായ മറുപടി നൽകാനും രാജ്യത്തിന് അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്ന അവകാശമുണ്ടെന്ന് വ്യക്തമാക്കി.
ഇറാഖിലെ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി നടത്തിയ കൃത്യമായ വ്യോമാക്രമണം സ്വയം പ്രതിരോധത്തിനായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനിടെ, ബാഗ്ദാദിലെ അമേരിക്കൻ എംബസി ഇറാഖിലുള്ള സ്വന്തം പൗരന്മാർക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും നിരന്തരം പിന്തുടരണമെന്നും, സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ, വിമാന സർവീസുകൾക്ക് തടസ്സമുണ്ടാകാനോ ചില വ്യോമപാതകൾ മുൻകൂട്ടി അറിയിക്കാതെ താൽക്കാലികമായി അടയ്ക്കാനോ സാധ്യതയുണ്ടെന്നും എംബസി അറിയിച്ചു.
#SaudiArabia #GCC #GulfNews #MiddleEast