Aircel-Maxis Case: ED Files Charge Sheet Against Chidambaram

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പി ചിദംബരത്തിന് പുറമെ മറ്റ് ഒമ്പത് പേര്‍ കൂടി പ്രതികളായുണ്ട്. നവംബര്‍ 26നാണ് കോടതി കുറ്റപത്രം പരിഗണിക്കുക. 2006ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്ന് വരെ ചിദംബരത്തെയും മകനെയും അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റിനും ഒപ്പം സി.ബി.ഐക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണിപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായിട്ടുള്ള കര്‍ണാല്‍ സിങിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. ഇതിനുമുന്നെയാണിപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസമാണ് ചിദംബരത്തെ പ്രതി ചേര്‍ത്തുകൊണ്ട് സി.ബി.ഐയും കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights: Aircel-Maxis Case: ED Files Charge Sheet Against Chidambaram