ഏനാത്ത് ഗാനമേളയ്ക്കിടെ തർക്കം: യുവാക്കളെ ആക്രമിച്ച കേസിൽ നാലുപേർ പിടിയിൽ; റിമാൻഡ് ചെയ്തു
പത്തനംതിട്ട ഏനാത്ത് മണ്ണടിയിൽ യുവാക്കളെ മർദ്ദിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണടി സ്വദേശികളായ ശ്യാം തിലക്, അജീഷ്, അഭിലാഷ്, സുജേഷ് എന്നിവരാണ് പിടിയിലായത്. കാലായിമുക്കിൽ നടന്ന ഗാനമേളയ്ക്കിടെ ഒരു യുവാവിൻ്റെ കാലിലൂടെ സ്കൂട്ടർ കയറിയതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിന് കാരണം. വീട്ടിലേക്ക് മടങ്ങിയ യുവാക്കളെ സംഘം ചേർന്ന് കമ്പും പൈപ്പും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ ശ്യാം തിലക് പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.