Yet To Decide On Taking Mani C Kappan Faction In UDF: Mullappally

തിരുവനന്തപുരം: ഘടകകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. കാപ്പന്റെ എൻസിപിയെ ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാന്റ് തീരുമാനിക്കണമെന്ന് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മൂന്ന് സീറ്റുകൾ കാപ്പൻ പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാർത്തയും മുല്ലപ്പള്ളി തള്ളി. കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നതിൽ സന്തോഷമേയുള്ളുവെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഘടകക്ഷിയാക്കുന്നതിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. താൻ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാഡിന്റെ കൽപ്പനകൾക്കും തീരുമാനങ്ങൾക്കും അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു. ഹൈക്കമാഡിനെ പൂർണമായി വിശ്വാസത്തിൽ എടുത്തുമാത്രമെ അവരെ ഘടകക്ഷിയാക്കാനാകു. മൂന്ന് സീറ്റ് കാപ്പന് നൽകാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും കാപ്പൻ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ കാപ്പൻ മത്സരിക്കണമെന്ന നിർദേശമാണ് മുല്ലപ്പള്ളി ആദ്യം മുതൽ മുന്നോട്ടുവച്ചത്. എന്നാൽ പാർട്ടി രൂപവത്കരിച്ച് യുഡിഎഫിന്റെ ഭാഗമാകും എന്നാണ് കാപ്പനും ആദ്യം മുതൽ പറഞ്ഞത്. മൂന്നു സീറ്റ് എന്ന കാപ്പൻ പക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനുള്ള സാധ്യതയും കുറവാണ്. കോൺഗ്രസിന്റെ സീറ്റ് നൽകിയാൽ വിജയിക്കാൻ സാധ്യതയുള്ളവർ കാപ്പൻ പക്ഷത്തില്ലെന്നും കോൺഗ്രസിൽ അഭിപ്രായമുണ്ട്. 

Content Highlights: Yet To Decide On Mani C Kappan Factyion In UDF: Mullappally