ഒറ്റരാത്രികൊണ്ട് സിയൂട്ടയിലേക്ക് കുടിയേറ്റത്തിന് ശ്രമിച്ചത് പതിനായിരങ്ങൾ!വാതിൽ കൊട്ടിയടച്ച് യൂറോപ്പ്
ഒരു ദിവസം രാവിലെ ഉണർന്നെണീക്കുമ്പോൾ നിങ്ങളുടെ രാജ്യത്തെ ജനസംഖ്യ ഇരട്ടിയാകുന്നു! കഴിഞ്ഞ ആഴ്ച രാവിലെ ഉണർന്നെണീറ്റ സിയൂട്ടയിലെ ജനങ്ങൾ കണ്ട കാഴ്ചയും ഇതാണ്. 24 മണിക്കൂറിനുള്ളിൽ വെറും 85,000 പേർ മാത്രമുള്ള സിയൂട്ടയിലേക്ക് പലായനം ചെയ്തത് 60,000 ആളുകൾ. വടക്കേ ആഫ്രിക്കൻ തീരത്തുള്ള ഒരു ചെറിയ സ്പാനിഷ് ഭൂപ്രദേശത്തേക്ക് പതിനായിരക്കണക്കിന് ആളുകൾ ഒരേസമയം ഇരച്ചുകയറാൻ ശ്രമിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം നിങ്ങളും കണ്ടുകാണും. കടലിലൂടെ നീന്തിയും കൂറ്റൻ അതിർത്തി മതിലുകൾ ചാടിക്കടന്നും ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് യൂറോപ്യൻ മണ്ണിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്താണ് സിയൂട്ടയിൽ സംഭവിക്കുന്നത്? ആഫ്രിക്കയിലെ ഈ ചെറിയ പ്രദേശം യൂറോപ്പിലേക്കുള്ള വലിയ വാതിലായി മാറിയത് എങ്ങനെ? പെട്ടെന്നൊരു ദിവസം ഇത്രയും ജനം ഇത്തരമൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം എന്തായിരിക്കും? ഈ ചോദ്യങ്ങളുടെ ഉത്തരം തേടുകയാണ് ബിയോണ്ട് ദി ബോഡേഴ്സ്.
സിയൂട്ട, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ യൂണിയന്റെ ഭാഗം. ആഫ്രിക്കൻ ഭൂഖണ്ഡത്തെ യുറോപ്യൻ രാജ്യങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന സ്പെയിനിന്റെ കേന്ദ്ര ഭരണപ്രദേശം. AD 1580 മുതൽ സിയൂട്ട സ്പെയിനിന്റെ ഭാഗമാണ്. മൊറോക്കൻ - സ്പാനിഷ് വേരുകളുള്ള ജനത... കോളനിവാഴ്ചയുടെ ശേഷിപ്പ്. സ്പെയിനിന്റെ ഭാഗമാണെങ്കിലും സിയൂട്ട തങ്ങളുടേതാണെന്നാണ് മൊറോക്കയുടെ വാദം. 60,000 മൊറോക്കൻ വംശജരാണ് 24 മണിക്കൂറിനുള്ളിൽ സ്പാനിഷ് മണ്ണിലേക്ക് ഓടിക്കയറിയത്. ഒരു പുതിയ ജീവിതം സ്വപ്നം കണ്ടുള്ള അനധികൃത കുടിയേറ്റം.. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അവരെ പറഞ്ഞു പറ്റിച്ച് അവിടേക്ക് എത്തിച്ച മനുഷ്യക്കടത്തു സംഘങ്ങൾ പറഞ്ഞതുപോലെ ആയിരുന്നില്ല സ്ഥിതി. പെട്ടെന്നുണ്ടായ ജനപ്രവാഹത്തെ താങ്ങാനുള്ള ശേഷി സിയൂട്ട പോലെ ഒരു കൊച്ചു പ്രദേശത്തിനില്ലായിരുന്നു. ഭക്ഷണവും കുടിവെള്ളവുമില്ലാതെ തെരുവുകളിലും പാർക്കുകളിലുമായി ആയിരക്കണക്കിന് ആളുകൾ അലഞ്ഞുതിരിഞ്ഞു. സാഹചര്യം വഷളായതോടെ സ്പാനിഷ് മിലിട്ടറി അതിർത്തികൾ അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. തങ്ങൾ കെണിയിലകപ്പെട്ടെന്ന് മനസ്സിലാക്കിയ അഭയാർഥികളിൽ ഭൂരിഭാഗവും ജന്മനാട്ടിലേക്ക് തിരികെ പോകാൻ നിർബന്ധിതരായി. 70-തിലധികം അഭയാർഥികൾക്ക് ജീവൻ നഷ്ടമായെന്നാണ് അനൗദ്യോഗിക കണക്ക്.
കടൽമാർഗ്ഗം പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ നടപടിക്രമങ്ങളില്ലാതെ അടിയന്തരമായി തിരിച്ചയക്കാൻ കഴിയില്ലെന്ന് സ്പാനിഷ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് ഇത്തരമൊരു കൂട്ടപ്പലായനത്തിന് തിരികൊളുത്തിയത്. മനുഷ്യക്കടത്ത് നടത്തുന്ന ഏജന്റുമാരും ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളും അതിർത്തിയിൽ സുരക്ഷ കുറവാണെന്നും, സിയൂട്ടയിൽ എത്തിയാൽ സ്പെയിൻ പൗരത്വം എളുപ്പത്തിൽ ലഭിക്കുമെന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. സ്വന്തം രാജ്യത്ത് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ പറ്റാതിരുന്ന ഒരു ജനതുയുടെ പ്രതീക്ഷയായി സിയൂട്ട മാറി. യൂറോപ്പിൽ മെച്ചപ്പെട്ട ജീവിതം അവർ സ്വപ്നം കണ്ടു. വിദ്യാഭ്യാസവും, ജോലിയും, മികച്ച ജീവിത നിലവാരവുമില്ലാത്തതാണ് ജന്മനാട് വിടാൻ തങ്ങൾ നിർബന്ധിതരായതെന്ന് കുടിയേറ്റക്കാർ പറയുന്നു. 25 ശതമാനത്തോളം വരുന്ന മൊറോക്കയിലെ യുവതയുടെ പ്രതീക്ഷയാണ് ഇന്ന് സിയൂട്ട.
സിയൂട്ടയിലെ സംഭവവികാസങ്ങൾ യൂറോപ്യൻ യൂണിയനിലും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. യൂറോപ്പിലെ രാജ്യങ്ങൾ തമ്മിൽ അതിർത്തി പരിശോധനകളില്ലാതെ സഞ്ചരിക്കാൻ അനുവദിക്കുന്ന ഷെൻഗൻ കരാർ പ്രകാരം, യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുടെ സുരക്ഷ ഇവരുടെ കൂട്ടായ ഉത്തരവാദിത്തമാണ്. സിയൂട്ടയിലെ സുരക്ഷാ വീഴ്ച ഷെൻഗൻ മേഖലയുടെ മുഴുവൻ സുരക്ഷയെയും ബാധിക്കുമെന്ന ഭയം മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട്. ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് യൂറോപ്പിലെ വലതുപക്ഷ പാർട്ടികൾ. അതിർത്തികൾ അടച്ച് അഭയാർത്ഥി നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നാണ് അവരുടെ ആവശ്യം.
വ്യവസ്ഥാപിത നിയമങ്ങളിലൂടെയല്ലാതെ യൂറോപ്യൻ യൂണിയനിലേക്ക് പ്രവേശിക്കാനാവില്ല എന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. ഈ വർഷം ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർക്ക് സ്പാനിഷ് പൗരത്വം നൽകിയിരുന്നു. സ്പെയിനിന്റെ ഈ നയം കുടിയേറ്റ പ്രവാഹത്തിന് കാരണമായി എന്നാണ് യൂറോപ്യൻ യൂണിയനിലെ വലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെ പക്ഷം.
വിസയില്ലാതെ തന്നെ യൂറോപ്യൻ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന ഷെംഗൻ നിയമങ്ങൾ സിയൂട്ടയിൽ അതേപടി ബാധകമല്ല, എന്നിരുന്നാലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീണ്ടും അനധികൃത കുടിയേറ്റക്കാർ എത്തിച്ചേരാനിടയുണ്ട് എന്ന സാഹചര്യം മുൻനിർത്തി സ്പെയിനിനെ ഷെംഗൻ കൂട്ടായ്മയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇറ്റലിയുടെ പക്ഷം. സ്പെയിനുമായി പങ്കിടുന്ന അതിർത്തികളിൽ ഫ്രാൻസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, തങ്ങൾക്ക് പണി തരാൻ മൊറോക്ക നടത്തിയ നീക്കമാണെന്നാണിതെന്നാണ് സ്പെയിനിന്റെ വാദം. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ അൾജീറിയ സന്ദർശനത്തിനുശേഷമാണ് പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തത് എന്നാണ് വിദഗ്ധർ പറയുന്നത്. വെസ്റ്റ് സഹാറ വിഷയത്തിൽ സ്പെയിനിനും മൊറോക്കയും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 2021-ലും സമാന രീതിയിൽ അതിർത്തിയിൽ വലിയ തോതിൽ കുടിയേറ്റം നടന്നിരുന്നു. ആരോപണത്തിൽ മൊറോക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂട്ടപ്പലായനം തടയാൻ സ്പാനിഷ് ഭരണകൂടം മൊറോക്കോയ്ക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അതിർത്തികളിൽ പണിയുന്ന വൻ മതിലുകൾക്കോ സുരക്ഷാ സേനകൾക്കോ പട്ടിണിയും നിരാശയും നിറഞ്ഞ മനുഷ്യരുടെ പ്രതീക്ഷകളെ എന്നെന്നേക്കുമായി തടഞ്ഞുനിർത്താനാവില്ല. ആഫ്രിക്കൻ രാജ്യങ്ങളിലെ അടിസ്ഥാന ജനജീവിതം മെച്ചപ്പെടാത്ത കാലത്തോളം, സിയൂട്ട യൂറോപ്പിലേക്കുള്ള പ്രതീക്ഷയുടെയും പ്രത്യാശയുടെയും കവാടമായി തുടരും.