നീർക്കാക്കയെ വേട്ടയാടി പാചകം ചെയ്ത് വീഡിയോ പങ്കുവെച്ചു; യൂട്യൂബർ അറസ്റ്റിൽ
കുളച്ചലിൽ നീർക്കാക്കയെ വേട്ടയാടി പാചകം ചെയ്ത് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ അറസ്റ്റിൽ. കുളച്ചൽ സ്വദേശി ഡയമണ്ട് കിഷോറിനെയാണ് വനംവകുപ്പ് പിടികൂടിയത്. നീർക്കാക്കയെ പിടികൂടി പാചകം ചെയ്ത മാംസവും മുട്ടകളും കഴിക്കുന്ന ദൃശ്യങ്ങൾ ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെയും വന്യജീവി സംരക്ഷകരുടെയും പരാതിയെത്തുടർന്ന് കന്യാകുമാരി ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരമായിരുന്നു നടപടി. ശാസ്താംകുളത്ത് നിന്നാണ് കിഷോർ പക്ഷിയെ വേട്ടയാടിയതെന്ന് കണ്ടെത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ നാഗർകോവിൽ വനംവകുപ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.