വഖഫിൽ വഞ്ചനയോ? | Waqf | Waqf Board | Super Prime Time

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയെത്തുടർന്ന് രൂപപ്പെട്ട രാഷ്ട്രീയ, നിയമ തർക്കങ്ങളും മുനമ്പം ഭൂമി വിഷയത്തിലെ നിലപാടുകളും അവലോകനം ചെയ്യുന്ന സൂപ്പർ പ്രൈം ടൈം ചർച്ച. മുൻ സർക്കാർ നിയോഗിച്ച വഖഫ് ബോർഡിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിരിച്ചുവിട്ട് പുതിയ ബോർഡും ചെയർമാനായി എം സി മായിൻ ഹാജിയും ചുമതലയേറ്റ പശ്ചാത്തലത്തിലാണ് ഈ ചർച്ച നടക്കുന്നത്. കേന്ദ്ര നിയമപ്രകാരം നിലവിൽവന്ന സ്റ്റാറ്റ്യൂട്ടറി ബോർഡിനെ കാലാവധിക്ക് മുൻപ് പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ, പുനഃസംഘടന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക നടപടിയാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് പുതിയ ചെയർമാൻ വ്യക്തമാക്കിയതോടെ പ്രദേശവാസികളുടെ അവകാശങ്ങളും സർക്കാർ പ്രഖ്യാപനങ്ങളും ചർച്ചകളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന എ പി കാന്തപുരം വിഭാഗത്തിനും സുന്നി വിഭാഗങ്ങൾക്കും പുതിയ ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകാതെ ജമാഅത്തെ ഇസ്‌ലാമിയെ പരിഗണിച്ചു എന്ന വിമർശനം സമസ്തയും കേരള മുസ്‌ലിം ജമാഅത്തും ഉയർത്തുന്നു. ഹജ്ജ് കമ്മിറ്റി പ്രാതിനിധ്യം നൽകി വഖഫ് ബോർഡിലെ അവഗണന പരിഹരിക്കാനാകില്ലെന്ന നിലപാടും രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുതിയ ചെയർമാനൻ്റെ നിയമനവും വിഷയത്തിൽ മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളും വിവിധ പാനലംഗങ്ങൾ വിശദമായി വിശകലനം ചെയ്യുന്നു.

Content Highlights: Kerala Waqf Board, Munambam Land Dispute, MC Mayin Haji, Super Prime Time, Mathrubhumi News, Samastha AP Sunni, Muslim League, Kerala Politics, Waqf Act, High Court, Waqf Reconstitution, Kanthapuram AP Sunni, UDF Kerala, Munambam Issue, Samastha