സലാലയിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതിനെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ബുക്കിങ് സ്വീകരിച്ച ശേഷം വിമാനങ്ങൾ റദ്ദാക്കുന്നത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കുന്നതായി ചൂണ്ടിക്കാട്ടി സലാല കെ.എം.സി.സി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്കും നിവേദനം നൽകി. അതേസമയം ഒമാനിലെ പ്രവാസി തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം പരിധി നിശ്ചയിക്കുന്നതിനുള്ള നിർദ്ദേശം ഒമാൻ ശൂറ കൗൺസിൽ ചർച്ച ചെയ്തു. എന്നാൽ ഇതിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. യു.എ.ഇ തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റതായും പരിക്കുകൾ നിസ്സാരമാണെന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഇൻഡിഗോ എയർലൈൻസ് നീട്ടിയിട്ടുണ്ട്. ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിനെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തിവരികയാണ്. ഹജ്ജ്, ഉംറ തീർത്ഥാടകരുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സൗദി അറേബ്യ 'ഉഫുഖ്' എന്ന പുതിയ ഡിജിറ്റൽ സംവിധാനം പുറത്തിറക്കി. ഒപ്പം ഉഗാണ്ടയിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ യു.എ.ഇ ഇളവ് അനുവദിച്ചു.

To advertise here,