മഹാനവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുഷ്പ രഥോത്സവം നടക്കുന്നു. മുൻവർഷങ്ങളിൽ ഉച്ചശീവേലിയോടും രാത്രി ശീവേലിയോടും അനുബന്ധിച്ചായിരുന്നു രഥോത്സവം നടന്നിരുന്നതെങ്കിൽ ഇത്തവണ പ്രഭാത ശീവേലിയുടെ ഭാഗമായാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ശീവേലിയുടെ രണ്ട് പ്രദക്ഷിണങ്ങൾക്ക് ശേഷം രഥപൂജയും രഥശുദ്ധിയും പൂർത്തിയാക്കി. തുടർന്ന് മൂകാംബിക ദേവിയെ പ്രകീർത്തിക്കുന്ന ഭാഗ്യാദ ലക്ഷ്മി ഭാരമ അടക്കമുള്ള സ്തോത്രങ്ങളും കീർത്തനങ്ങളും വാദ്യമേളങ്ങളും ചടങ്ങുകൾക്ക് മാറ്റുകൂട്ടി. മുഖ്യ അർച്ചകൻ ദേവീവിഗ്രഹം രഥത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെ പുഷ്പ രഥോത്സവത്തിന് തുടക്കമാകും. മഹാനവമി ദിനത്തിലെ വിശേഷാൽ ചടങ്ങുകളിൽ പങ്കെടുക്കാനും ദർശനപുണ്യം നേടാനുമായി വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.

#Mookambika #KollurMookambika #Navratri #PushpaRathotsavam #Mahanavami